- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ല'; അനുഭവം പങ്കുവച്ച് ഗാന്ധിനഗർ എസ്‌ഐ ടി.എസ്. റെനീഷ്; പൊലീസ് സംഘത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്തു കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ ഗാന്ധിനഗർ പൊലീസിന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി. എസ് ഐ ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു എത്തുന്‌പോൾ അവിടെയുണ്ടായിരുന്നവർ കൈയടികളോടെയും സല്യൂട്ട് നല്കിയുമാണ് സ്വീകരിച്ചത്.
നുറൂകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസും ഇന്നലെ ഈ വീഡിയോ ആയിരുന്നു. പൊലീസ് മീഡിയ സെല്ലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കുള്ളിൽ വൈറലായി. പലരും ബിഗ് സല്ല്യൂട്ട് എന്ന് വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു. സംഭവത്തിനുശേഷം സ്റ്റേഷനിൽ എത്തിയ റെനീഷിന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. വിവിധ ജില്ലകളിൽനിന്നു നിരവധി പേരാണ് നേരിട്ടു വിളിച്ചു അഭിനന്ദനം അറിയിച്ചത്.
ഒരു മണിക്കൂറിനുള്ളിൽ കാണാതായ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി തിരികെ എത്തിച്ച കേരള പൊലീസിനു ജനങ്ങൾ നല്കിയ ട്രോഫിയായിരുന്നു ആർപ്പുവിളികളും കയ്യടികളും. എതാനും ദിവസങ്ങൾക്കു മുന്പാണ് എസ്‌ഐ ടി.എസ്. റെനീഷ് ഏറ്റുമാനൂർ സ്റ്റേഷനിൽനിന്നു ഗാന്ധിനഗർ സ്റ്റേഷനിലേക്കു സ്ഥലംമാറി എത്തിയത്. നാളുകൾക്കു മുന്പു ഗാന്ധിനഗർ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള റെനീഷിനു മെഡിക്കൽ കോളജും പരിസര പ്രദേശങ്ങളും പരിചിതമായിരുന്നു.
സംഭവമറിഞ്ഞതോടെ ഒരു നിമിഷം പോലും പാഴാക്കാതെ അമ്മയുടെ അടുത്തെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളുകളുടെ ഏകദേശ രൂപം ചോദിച്ചു മനസിലാക്കുകയായിരുന്നു. തുടർന്നു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും പല സംഘങ്ങളായി തിരിച്ചു വിവിധ സ്ഥലങ്ങളിലേക്കു അന്വേഷണത്തിനായി പറഞ്ഞയച്ചു.
ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി പൊലീസ് വിവരങ്ങൾ തിരക്കി. ഈ സമയത്താണ് കുഞ്ഞുമായി ഒരു യുവതി ഹോട്ടലിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഹോട്ടലിൽ എത്തി യുവതിയെ പിടികൂടുകയായിരുന്നു. ഉടൻതന്നെ പിഞ്ചു കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു.
കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിലും അതീവ ജാഗ്രത പുലർത്തുന്നയാളാണ് എസ്‌ഐ ടി.എസ്. റെനീഷ്. ഇന്നലെ വൈകുന്നേരം മുതൽ താൻ അറിയുക പോലുമില്ലാത്ത നിരവധി പേരാണ് ഫോണിൽ വിളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരക്കുകൾ കാരണം എല്ലാവരുടെയും ഫോൺ എടുക്കാൻ പോലും സാധിച്ചിട്ടില്ല. പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും എസ് ഐ ടി എസ് റെനീഷ് പറയുന്നു.
അതേ സമയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തിൽ സുരക്ഷ വീഴ്ച അന്വേഷിക്കും. നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. നഴ്സിങ് ഓഫീസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.
അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും. അതിനിടയിൽ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിനെ അമ്മയെത്തിയിരുന്നു ഡോക്ടറെ പോലെ അവർ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. ഇതിന് മുൻപ് ഇവരെ കണ്ടിട്ടുണ്ട്. ആ ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തത്, കുഞ്ഞിന്റെ അമ്മ പറയുന്നു.
അവർ വന്ന് കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിന്റെ മഞ്ഞ നിറം നോക്കിയിട്ടില്ല. അതെന്താണ് നോക്കാത്തത് എന്ന് അവർ ചോദിച്ചു. കുഞ്ഞിന്റെ കണ്ണും കയ്യുമൊക്കെ അവർ പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ നൽകാം എന്ന് പറഞ്ഞ് അവർ കുഞ്ഞിനെ കൊണ്ടുപോയി.
മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലാണ്. എന്നാൽ ഇവർ താഴേക്ക് പോയി. അതോടെയാണ് സംശയം തോന്നിയത്. ലിഫ്റ്റ് വഴി പോകാനാവുമോ എന്ന് നഴ്സുമാരോട് ചോദിച്ചപ്പോൾ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു. നീല ടർക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടർക്കിയിലായിരുന്നു. അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി. എന്നാൽ മുഖം കണ്ടപ്പോൾ മനസിലായെന്നും അമ്മ പറയുന്നു.
ന്യൂസ് ഡെസ്ക്