- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ; മൂന്ന് ലോറികളും മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് തടഞ്ഞത്. സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളജ് പൊലീസ് മൂന്ന് ലോറികളും മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പിനും കോട്ടൂളിക്കും ഇടയിലാണ് സംഭവമുണ്ടായത്. ബൈപ്പാസ് വീതികൂട്ടലിന്റെ ഭാഗമായി ഇവിടെ ചിലയിടങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് കഴിഞ്ഞ ദിവസം രാത്രി തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ രാവിലെ പ്രവൃത്തി തടഞ്ഞു. മണ്ണിട്ട് നികത്തിയാൽ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം ഒഴുകി പോകാൻ ആകെയുള്ള ഒരു കൽവെർട്ട് അടക്കമാണ് മണ്ണിട്ട് നികത്തിയത്.
റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മണ്ണ് നീക്കം ചെയ്യാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പുനൽകിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തിയ സ്ഥലത്ത് കെടികൾ സ്ഥാപിച്ചു. ഈ സ്ഥലത്തിന് സമീപം നേരത്തെയും തണ്മീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സ്ഥലമുടമയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.