മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മയിലിനെ കറിവെച്ച സംഭവത്തിൽ ഒരാൾ റിമാന്റിൽ. വനം വകുപ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചത്. തമിഴ്‌നാട് സ്വദേശി ശിവയാണ് സംഭവത്തിൽ അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയിൽ നിലമ്പൂരിൽ നിന്നുള്ള വനം വകുപ്പ് ഉദോഗസ്ഥരാണ് പൊന്നാനിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്. തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയ്യാറാക്കി വെക്കുകയും ചെയ്തത്. തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് സംഭവം പുറത്തറിയിച്ചത്.

തുടർന്ന് നാട്ടുകാർ ഫോറസ്റ്റിലും, പൊലീസിലും വിവരമറിയിക്കുകയായിരുന്നു. മയിലിനെ കറിവയ്ക്കാൻ ഇറങ്ങിത്തിരിച്ച പാചക വിദഗ്ധൻ ഫിറോസ് ചുട്ടിപ്പാറയുടെ വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോകുന്നുവെന്ന് അറിയിച്ച് വിഡിയോയുമായി ഫിറോസ് എത്തിയതോടെ ദേശീയത ഉയർത്തിക്കാട്ടി പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇന്ത്യാക്കാരുടെ ദേശീയപക്ഷിയാണ് മയിൽ. അതുകൊണ്ടു തന്നെ ഏതു നാട്ടിലാണെങ്കിലും മയിലിനെ ദേശീയ പക്ഷിയായി പരിഗണിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ  മലയാളി മയിലിനെ പിടിക്കുന്നതും പാചകം ചെയ്യുന്നതും ഇതാദ്യത്തെ സംഭവമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.