കണ്ണൂർ: കെ.റെയിലിന്റെ കുറ്റിപറിക്കാൻ വരുന്നവർ സ്വന്തം പല്ലു സൂക്ഷിക്കണമെന്നു മുന്നറിയിപ്പു നൽകി കൊണ്ടുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പൊങ്കാല. കഴിഞ്ഞ ദിവസം കെ.റെയിലിനായി സ്ഥാപിച്ച കുറ്റികളൊന്നും കാണില്ലെന്നു മുന്നറിയിപ്പു നൽകിയ കെപിസിസി.അധ്യക്ഷൻ കെ.സുധാകരന്റെ വാർത്താ സമ്മേളനത്തിലെ മുന്നറിയിപ്പിനെതിരെയാണ് പരോക്ഷമായി എതിർത്തു കൊണ്ട് എം.വി ജയരാജൻ രംഗത്തുവന്നത്.

യു.ഡി.എഫ് ഭരണകാലത്ത് അവരുടെ മാനിഫെസ്‌റ്റോയിൽ ഈ പദ്ധതി ഉണ്ടായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും മുകളിലേക്ക് തുപ്പികളിക്കാം. ആ തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുതെന്നും ജയരാജൻ തന്റെ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ സുധാകര അനുകൂലികൾ അഴിച്ചുവിടുന്നത്. ജയരാജനെ വ്യക്തിപരമായി അവഹേളിക്കുകയും അദ്ദേഹത്തെ പരാമർശിക്കാതെ നേരത്തെ വന്ന വാർത്തകളെ പരാമർശിച്ചു കൊണ്ടുമാണ് കോൺഗ്രസ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടത്. ഇതിനെ പ്രതിരോധിക്കാൻ സിപിഎം സൈബർ പോരാളികളും രംഗത്തു വന്നിട്ടുണ്ട്.

ചില കമന്റുകൾ ഇങ്ങനെ:

ശുംഭൻ എന്ന വാക്കിന് അർത്ഥം കണ്ടെത്തിയപോലെ..... സുധാകരനിൽ നിന്ന് കിട്ടുമ്പോൾ 'പല്ല് സൂക്ഷിച്ചോ...'എന്നതിന്ന് വേറെ അർത്ഥമാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല... സഖാവേ....അന്ന് ജഡ്ജിയെ പറഞ്ഞപോലെ ആവില്ല.... ഇത് ആള് വേറെ ആണ്....കെസുധാകരൻ

ഇതയ്‌ന് ഒളിപ്പോരല്ലാ ശുംഭാ...മിണ്ടാതൊരു ഭാഗത്ത് നിന്നോ അല്ലെങ്കിൽ സ്വന്തം വായിലെ പല്ല് തെറിക്കും... ഇത് പുതിയ കോൺഗ്രസ്സാ

പാതയോരത്തെ യോഗങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നടത്തിയ പ്രസംഗത്തിലാണ് ജയരാജൻ ജഡ്ജിമാർക്കെതിരെ ശുംഭൻ പ്രയോഗം നടത്തിയത്. അരുതാത്ത പരാമർശമാണ് ജയരാജനിൽ നിന്നുണ്ടായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. നാലാഴ്ച തടവാണ് കോടതി വിധിച്ചത്. നേരത്തെ ഇതേ കേസിൽ ഹൈക്കോടതി ജയരാജന് ആറ് മാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ജയരാജൻ നൽകിയ അപ്പീലിലാണ് നാലാഴ്ചയായി കുറച്ചത്.

എം.വിജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക!

2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമർജിങ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയിൽ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയിൽ പദ്ധതി ആരംഭിച്ചതെന്ന കാരണത്താൽ അവർ രണ്ട് പേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽ നിന്നും യുഡിഎഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം.

അതിവേഗ റെയിൽ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനിമുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവ്വേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോൺഗ്രസ് സംഘം കെ റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകൽ പോലെ വ്യക്തമാണ്.

വികസന തൽപ്പരരായ ജനങ്ങൾ സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് എതിരല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത 'കെ റെയിൽ നേരും നുണയും' എന്ന പരിപാടിയിൽ സാംസ്‌കാരിക നായകർ മുതൽ മതമേലധ്യക്ഷന്മാർ വരെ പങ്കെടുത്തത്. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങൾ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തിൽ വരാൻ എൽഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ എൽഡിഎഫിന് സാധിക്കില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും.

മുംബൈ - അഹമ്മദാബാദ്, ഡൽഹി - വാരാണസി എന്നീ അതിവേഗ റെയിൽ പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. ചിലത് പൂർത്തീകരിക്കുകയും ചെയ്തു. കേന്ദ്ര ബിജെപി സർക്കാരാണ് ദേശീയ പാത അഥോറിറ്റിയെ നിയന്ത്രിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനത്തിന് അനുകൂലവും കേരളത്തിൽ എതിരുമാകുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മെട്രോമാനാണ് 1.18 ലക്ഷം കോടി രൂപ ചെലവ് വരുന്ന കെ റെയിൽ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൈയൊപ്പ് ചാർത്തിയത്. ഇവരാവട്ടെ ഓന്തിന്റെ നിറം മാറും പോലെ മാറുകയാണിപ്പോൾ. കോൺഗ്രസ് - ബിജെപി - ജമാഅത്തെ ഇസ്ലാമി മഹാ മഴവിൽ സഖ്യക്കാരോട്, റെയിൽ വിരുദ്ധ സമരക്കാരോട്, സർവ്വേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂ - കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.