ബീജാപൂർ: ഛത്തീസ്‌ഗഡിലെ ബീജാപൂരിൽ വിവാഹിതരാകാൻ ഒരുങ്ങിയ മാവോയിസ്റ്റു അംഗങ്ങളെയും മറ്റൊരാളെയും സഹപ്രവർത്തകർ ക്യാമ്പിൽ വെച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പ്രാഥമിക വിവരം അനുസരിച്ച് ഗാഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉൾവനത്തിലെ ക്യാമ്പിൽനിന്നാണ് മിലീഷ്യ പ്ലാത്ത് കമാൻഡർ കംലു പൂനമും മിലീഷ്യ അംഗം മാംഗിയും വിവാഹിതരാകാൻ വേണ്ടി ഒളിച്ചോടിയത്. എന്നാൽ സഹപ്രവർത്തകർ ഇവരെ കണ്ടെത്തുകയും ഇൻഡിനാറിലെ നാട്ടുകൂട്ടത്തിൽ വെച്ച് വിചാരണ നടത്തിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

'ഗാഗളൂർ പ്രദേശത്ത് നടന്ന കൊലപാതകങ്ങളെക്കുറിച്ച് ഒന്നിലധികം ഉറവിടങ്ങൾ വഴി പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്' -ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പി.ടി.ഐയോട് പറഞ്ഞു.

മാവോയിസ്റ്റു  ആക്രമണവുമായി ബന്ധപ്പെട്ട് 11 കേസുകളിൽ പ്രതിയാണ് കംലു പൂനം. മാംഗിയുടെ പേര് മൂന്ന് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. മാവോവാദികളുടെ ഗാഗളൂർ ഏരിയ കമ്മിറ്റിയുമായി ബന്ധമുള്ളവരാണ് ഇരുവരും. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.