കണ്ണൂർ: കെ റെയിൽ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ കണ്ണൂർ മാടായിപ്പാറയിൽ പിഴുതെറിഞ്ഞ സിൽവർ ലൈൻ സർവ്വേകല്ലിന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്. ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. എത്ര കേസെടുത്താലും പോസ്റ്റ് പിൻവലിക്കില്ലെന്നും ഇതിന് പിന്നിൽ സിപിഎം നേതൃത്വം ആണെന്നും രാഹുൽ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ റെയിൽ അതിരടയാളക്കല്ല് പറിക്കാൻ വരുന്നവർ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്നലെ പറഞ്ഞത്.

സർവ്വേ കല്ല് പറിച്ചെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തൂയെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചത്. യുഡിഎഫ് ഭരണകാലത്ത് അവരുടെ മാനിഫെസ്റ്റോയിൽ ഈ പദ്ധതി ഉണ്ടായിരുന്നു. അതിനാലാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ മൗനം പാലിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.