വാഷിങ്ടൺ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കോവിഡ് കേസുകൾ അമേരിക്കയിൽ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷ്ലി വലൻസ്‌കി പ്രസ്താവിച്ചു.

ഡിസംബർ ഏഴാംതീയതി വ്യാഴാഴ്ച മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്ന് ഡയറക്ടർ വ്യാഖ്യാനിച്ചത്. വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളിൽ ആദ്യമായാണ് വലൻസ്‌കി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഓമിക്രോൺ കേസുകൾ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ഇപ്പോൾ രോഗം വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഓമിക്രോൺ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും അപ്രത്യക്ഷമായതാണ് നാം കാണുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോൾ അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 204 ശതമാനം വർധനയാണ്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിരിക്കുന്നു. നാലു വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കൂടുതൽ കുട്ടികൾക്ക് രോഗവ്യാപനം ഉണ്ടായരിക്കുന്നതെന്ന് സിഡിസി ഡിസംബർ ഏഴിന് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിൽ സൂചിപ്പിച്ചിരുന്നു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡാണ്.