താമ്പാ: ഫ്ളോറിഡ സംസ്ഥാനത്ത് ഓമിക്രോൺ കാട്ടുതീ പോലെ പടരുന്നതായി ജനുവരി ഏഴിന് പുറത്തുവിട്ട വീക്ക്ലി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബർ 31 മുതൽ ഫ്ളോറിഡയിൽ ഓരോ ദിവസവും 57,000 കോവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവിടെ പാൻഡമിക് ആരംഭിച്ച 22 മാസത്തിനുള്ളിൽ ഇത്രയും ഉയർന്ന തോതിൽ വ്യാപനം ഉണ്ടായിട്ടില്ല. അവസാന സമ്മർ സീസനേക്കാൾ 150 ശതമാനം വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിൽ സ്ഥിരീകരിക്കുന്ന 10 കേസുകളിൽ ഒരെണ്ണം ഫ്ളോറിഡയിലാണ്. മാത്രമല്ല, വ്യാപന തോതിൽ ഏഴാമത്തെ ഉയർന്ന റേറ്റാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് വെള്ളിയാഴ്ച സിഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 20 മുതൽ 29 വയസ് പ്രായമുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ്. 65-നു മുകളിലുള്ളവരുടേത് 23 ശതമാനവും.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മയാമി - ഡേഡ് കൗണ്ടിയിലെ 3 മില്യൻ പേരിൽ 4 ശതമാനത്തിനും കോവിഡ് പോസിറ്റീവാണ്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച മാത്രം 184 കോവിഡ് മരണം രേഖപ്പെടുത്തി. പുതിയ കേസുകൾ വർധിക്കുന്നതോടൊപ്പം മരണവും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 മാർച്ച് മാസത്തിനുശേഷം ഫ്ളോറിഡയിൽ 4.6 മില്യൻ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 62,688 ആണ്. സംസ്ഥാനത്ത് അർഹതപ്പെട്ട 72 ശതമാനം പേർക്കും വാക്സിൻ ലഭിച്ചിട്ടുണ്ട്.