പാലോട്: പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ പതിനാറുകാരിയുടെ മരണത്തിൽ സുഹൃത്തായിരുന്ന 19-കാരൻ അറസ്റ്റിൽ. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർത്ഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്.

കഴിഞ്ഞവർഷം നവംബർ 21-ന് രാവിലെ പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പെൺകുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം ഊർജിതമാക്കി.

ഇതിനിടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിപിൻകുമാറിലേക്ക് അന്വേഷണം എത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്. പോക്സോ, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെടുമങ്ങാട് എ.എസ്‌പി. രാജ് പ്രസാദ്, പാലോട് സിഐ. സി.കെ.മനോജ്, എസ്‌ഐ. നിസാറുദ്ദിൻ, ബാബു, സാംരാജ്, റഹിം, സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടിഞ്ഞാർ സ്വദേശിയായ അലൻ പീറ്റർ എന്നയാളിനെ വ്യാഴാഴ്ച പാലോട് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.