ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവിൽ പൊതുവേദിയിൽവെച്ച് കർഷകൻ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ പങ്കജ് ഗുപ്ത. കർഷകൻ തന്റെ മുഖത്തടിച്ചുവെന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്നാണ് എംഎൽഎ കുറ്റപ്പെടുത്തി.

എംഎൽഎയെ തല്ലിയെന്ന് പറയപ്പെടുന്ന കർഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാർത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങൾ വിശദീകരിച്ചത്. വീഡിയോയിൽ കാണുന്ന കർഷകൻ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതുപോലെ അദ്ദേഹം തന്റെ കവിളിൽ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി.

പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി സംഭവം വളച്ചൊടിച്ച് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും തിരഞ്ഞെടുപ്പിൽ മറ്റുകാര്യങ്ങളൊന്നും ഉയർത്തികാണിക്കാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎൽഎ വേദിയിൽ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോൾ മുതിർന്നയാൾ എന്ന നിലയിൽ എംഎൽഎയുടെ കവിളിൽ സ്നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാൽ വിശദീകരിച്ചു.

 

ഉന്നാവിൽ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കർഷകനായ ഛത്രപാൾ വേദിയിലേക്ക് കയറി എംഎൽഎയുടെ മുഖത്തടിച്ചത്. സമീപമുള്ള പൊലീസുകാരും മറ്റുപ്രവർത്തകരും ചേർന്നാണ് കർഷകനെ വേദിയിൽനിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎൽഎക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പങ്കജ് ഗുപ്ത വിശദീകരണവുമായി രംഗത്തെത്തിയത്.

കേവലം ഒരു ബിജെപി എംഎൽഎയുടെ മുഖത്തേറ്റ അടി മാത്രമല്ല ഇതെന്നും യോഗി ആതിദ്യനാഥ് സർക്കാരിന്റെ നയങ്ങൾക്കെതിരേയുള്ള ജനത്തിന്റെ പ്രതിഷേധമാണിതെന്നും സമാജ്വാദ് പാർട്ടി ആരോപിച്ചിരുന്നു.