- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടുവെട്ടി തെളിക്കുന്നതിനിടെ വളഞ്ഞിട്ട് ആക്രമിച്ച് കടന്നൽ കൂട്ടം; അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുത്തേറ്റു
പാലക്കാട്: മണ്ണാർക്കാട് തെങ്കര ചിറപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുവെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സാരമായി പരുക്കേറ്റ അഞ്ച് ഇതര സംസ്ഥാനക്കാരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ തൊഴിലാളികളിൽ ചിലർ ഓടിമാറിയതിനാൽ കൂടുതൽ ആശങ്ക ഒഴിവായി.
പത്തിലധികം ഇതരസംസ്ഥാനക്കാരാണ് തോട്ടത്തിൽ ജോലിയിലേർപ്പെട്ടിരുന്നത്. ഒരുമണിയോടെ കടന്നൽക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. തൊഴിലാളികളിൽ പലരും കുഴഞ്ഞുവീണു. ബഹളം കേട്ട് അടുത്തുള്ളവരും മറ്റ് തൊഴിലാളികളും ഓടിയെത്തിയെങ്കിലും വാഹനമെത്താനുള്ള സൗകര്യം പരിമിതമായതിനാൽ പ്രതിസന്ധിയായി.
പിന്നാലെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ കലേഷ് കുമാർ, സുനിൽ കുമാർ, രമൺ കുമാർ, പ്രവീൺകുമാർ, സുനിൽ എന്നിവർക്കാണ് സാരമായി കുത്തേറ്റത്. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് ഡോക്ടർമാരുെട വിലയിരുത്തൽ. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും വർഷങ്ങളായി തോട്ടത്തിൽ മുടങ്ങാതെ കാട് വെട്ട് ജോലിയിൽ ഏർപ്പെടുന്നവരാണ്.
മറുനാടന് മലയാളി ബ്യൂറോ