- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നിൽ നിന്നുള്ള ഒരു മിഡ് ഷോട്ട്; 'സേതുരാമയ്യർ' ആദ്യ ഒഫിഷ്യൽ സ്റ്റിൽ പങ്കുവച്ച് മമ്മൂട്ടി; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചി: 'സിബിഐ' സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാൻസ് പോസ്റ്റർ ഡിസൈനുകളും. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യൽ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
മുഖം വ്യക്തമാവാത്ത തരത്തിൽ സേതുരാമയ്യരുടെ പിന്നിൽ നിന്നുള്ള ഒരു മിഡ് ഷോട്ട് ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്ന സ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഒഫിഷ്യൽ ലീക്ക്!' എന്നാണ് ചിത്രത്തിന് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. അതേസമയം ചിത്രത്തിന്റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 'വിക്രം' എന്ന കഥാപാത്രമായി ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ചിത്രത്തിൽ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല.
ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗമെന്ന സിനിമയിലെ അപൂർവ്വതയുടെ സാക്ഷ്യമാണ് എസ് എൻ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് എസ് എൻ സ്വാമി പറഞ്ഞിരുന്നത്. മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.




