- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂലമുള്ള മരണത്തിന്റെ കാരണം കണ്ടെത്തി മലയാളി ഗവേഷകർ; കോവിഡ ചികിത്സയിൽ നിർണായക വഴിത്തിരവ്
കോവിഡ് ചികിത്സാരംഗത്തു നിർണ്ണായക വഴിത്തിരവാകുന്ന പഠനവുമായി മലയാളി ഗവേഷകർ. കോവിഡ് മൂലമുള്ള മരണത്തിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകർ. ശരീരത്തിൽ ഇരുമ്പിന്റെ അളവ് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഫെറിറ്റിൻ എന്ന തന്മാത്രയുടെ നിയന്ത്രണത്തിലൂടെ കോവിഡ് സുഖപ്പെടുത്താനാകുമെന്നും മരണം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകുമെന്നുമാണു പഠനം. കോവിഡ്19 രോഗത്തിന്റെ തീവ്രതയിൽ ഫെറിറ്റിൻ ലക്ഷ്യമിടുന്ന ചികിത്സാ തന്മാത്രകളെ തിരിച്ചറിയുക എന്നതാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം.
രക്തത്തിൽ ഫെറിറ്റിൻ തന്മാത്രയുടെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ഹൈപ്പർഫെറിറ്റിനീമിയ എന്ന അവസ്ഥ മൂലമാണു കോവിഡ് ജീവനു ഭീഷണിയാകുന്നത്. മരുന്നുകളിലൂടെ ഫെറിറ്റിൻ തന്മാത്രയെ നിയന്ത്രിക്കുന്നതിലൂടെ കോവിഡ് മൂലമുള്ള മരണം തടഞ്ഞുനിർത്താനാകുമെന്നും പഠനം പറയുന്നു. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള പെരിന്തൽമണ്ണയിലെ മൗലാന കോളജ് ഓഫ് ഫാർമസിയിലെ ഡോ.പുന്നോത്ത് പൂങ്കുഴി നസീഫ് ആണു പഠനം നടത്തിയത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജനിതക ശാസ്ത്രവിഭാഗം അസി. പ്രഫസർ ഡോ.മുഹമ്മദ് ഇളയിടത്തുമീത്തലിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
സൗദി ജേണൽ ഓഫ് ബയോളജിക്കൽ സയൻസസ് പ്രസിദ്ധീകരിച്ച പ്രബന്ധം, ലോകാരോഗ്യസംഘടനയുടെ കോവിഡ് ഗവേഷണം സംബന്ധിച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇടംനേടി. കോവിഡ് ബാധിതരിലെ മരണകാരണം കണ്ടെത്താനായതാണു ഗവേഷണത്തിൽ നിർണായക വഴിത്തിരിവായതെന്നു ഡോ. മുഹമ്മദ് പറഞ്ഞു. നിലവിൽ പല രോഗങ്ങളും നിയന്ത്രിക്കാൻ ആന്റിഫെറിറ്റിൻ സംയുക്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുതിയ കണ്ടെത്തൽ മരുന്നു ഗവേഷണം വളരെ എളുപ്പമാക്കുമെന്നും ഡോ. മുഹമ്മദ് പറയുന്നു.
കോവിഡ്-19 സങ്കീർണതകളിലേക്കും മരണത്തിലേക്കും നയിക്കുന്ന ജൈവിക പാതകൾ തിരിച്ചറിയുന്നത് ആരോഗ്യ വിദഗ്ധരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. കോവിഡ് എങ്ങനെയാണ് ഗുരുതരമായ രോഗാവസ്ഥ സൃഷ്ടിക്കുന്നതെന്നു വിശദീകരിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയണിന്റെ അസന്തുലിതാവസ്ഥയാണ് കോവിഡ് 19നെ സങ്കീർണമാക്കുന്നത്.