അസാധാരണ രീതിയിൽ ഷൂട്ട് ചെയ്ത മൂന്ന് പോർട്രെയ്റ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് നാല്പതാം ജന്മദിനം ആഘോഷിച്ച് കെയ്റ്റ് രാജകുമാരി; ഡയാനയുടെ ആഭരണങ്ങളിൽ അതിസുന്ദരിയായി കെയ്റ്റ്

സാധാരണയായി സ്വകാര്യമായി സൂക്ഷിക്കാറുള്ള, അസാധാരണമായ രീതിയിൽ ഷൂട്ട് ചെയ്ത തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് കെയ്റ്റ് രാജകുമാരി തന്റെ നാല്പതാം പിറന്നാൾ ആഘോഷിച്ചത്. സാധാരണയായി ഫോർമൽ വസ്ത്രങ്ങൾ ധരിച്ചും കുടുംബാംഗങ്ങൾക്കൊപ്പവുമൊക്കെയുള്ള ചിത്രങ്ങളായിരുന്നു രാജകുമാരി പങ്കുവച്ചത്. എന്നാൽ, ഇന്നലെ തന്റെ നാല്പതാം ജന്മദിന നാളിൽ ആ പതിവ് തെറ്റിച്ചിരിക്കുകയാണവർ. കെയ്റ്റിന്റെ വ്യക്തിത്വത്തിന്റെ മൂന്ന് തലങ്ങൾ ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകും എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.

വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചിത്രത്തിൽ കെയ്റ്റിന്റെ രാജകീയമായ കുലീനത്വം ദർശിക്കാനാകും. ചുവന്ന വസ്ത്രമണിഞ്ഞ ചിത്രം പുറത്തുകാട്ടുന്നത് 40 വയസ്സുകാരിയായ ഒരു ആധുനിക വനിതയേയാണെങ്കിൽ ക്ലോസ്സ് അപ്പിലുള്ള ചിത്രം അവരെ കുറിച്ച് കൂടുതൽ അടുത്ത ഒരു വീക്ഷണം സമ്മാനിക്കുന്നു എന്നും കൊട്ടാരത്തിലെ ഒരു വക്താവ് പറഞ്ഞു. ഇറ്റാലിയൻ ഫാഷൻ ഫോട്ടോഗ്രാഫറായ പാവ്ലോ റൊവേഴ്സി, ക്യു ഗാർഡൻസിൽ വച്ചാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

അത്യന്തം ആകർഷണീയമായ ഒരു ചിത്രത്തിൽ, ഒരു തോൾ മാത്രം മൂടുന്ന ചുവന്ന വസ്ത്രമിട്ടാണ് അവർ നിൽക്കുന്നത്. ഒരു കൈ വസ്ത്രത്തിന്റെ പോക്കറ്റിനുള്ളിലാണ്. മുടിയിഴകൾ തോളിൽ തട്ടിക്കിടക്കുന്നുമുണ്ട്. എല്ലാ ചിത്രങ്ങളിലും അവർ ധരിച്ചിരിക്കുന്ന ആഭരണം കേവലം ഒരു ജോഡി കമ്മൽ മാത്രമാണെന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്നത് രാജ്ഞിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നുമെടുത്ത ഒരു വജ്ര കമ്മലാണ്. അധികം ആഭരണങ്ങൾ ഇല്ലാത്തതുകൊണ്ടു തന്നെ ചിത്രത്തിൽ ആരും ആദ്യം ശ്രദ്ധിക്കുക കെയ്റ്റിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെയായിരിക്കും.

കറുപ്പും വെളുപ്പും ചിത്രത്തിൽ കെയ്റ്റ് ധരിച്ചിരിക്കുന്നത് ഡയാനാ രാജകുമാരിയുടെ കോളിങ്വുഡ് പേൾ കമ്മലാണ്. ഈ ചിത്രങ്ങളിൽ എല്ലാം തന്നെ അലക്സാണ്ടർ മെക്ക്യുനിൽ നിന്നുള്ള വസ്ത്രങ്ങളാണ് കെയ്റ്റ് ധരിച്ചിരിക്കുന്നത്. സുപ്രസിദ്ധമായ ഈ ഡിസൈൻ കമ്പനി തന്നെയായിരുന്നു കെയ്റ്റിന്റെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും. കറുപ്പും വെളുപ്പും ക്ലൊസ് അപ്പ് ചിത്രത്തിൽ അവർ ക്യാമറയിലേക്ക് തന്നെയാണ് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്. മെക്ക്യുനിന്റെ കഴിഞ്ഞകാല ഫാഷൻ ശേഖരങ്ങൾ റീസൈക്കിൾ ചെയ്ത വസ്ത്രമാണ് ഇതിൽ ധരിച്ചിരിക്കുന്നത്.

സെയിന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററിയിൽ പഠനം പൂർത്തിയാക്കിയ കെയ്റ്റ് സെസിൽ ബീറ്റണിന്റെ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് വശം തിരിഞ്ഞുള്ള ചിത്രത്തിന് പോസ് ചെയ്തതെന്ന് കൊട്ടാരം വൃത്തങ്ങൾ പറഞ്ഞു. രാജകുമാരി രക്ഷാധികാരി ആയിട്ടുള്ള നാഷണൽ പോർട്രേയ്റ്റ് ഗാലറിയിലെ സ്ഥിരം ശേഖരത്തിൽ ഈ ചിത്രങ്ങളും ഉൾപ്പെടുത്തും. 2016- വോഗ് മാസികയ്ക്ക് വേണ്ടി എടുത്ത ചിത്രങ്ങളും വിവാഹനിശ്ചയസമയത്ത് വില്യമിനൊപ്പമുള്ള കെയ്റ്റിന്റെ ചിത്രങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.