തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്‌സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ബുക്കുചെയ്ത് വരുന്നതായിരിക്കും ഗുണകരം.

എങ്ങനെ കരുതൽ ഡോസ് ബുക്ക് ചെയ്യാം
കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പ്രവേശിക്കുക.
നേരത്തെ രണ്ട് ഡോസ് വാക്സീനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
രണ്ട് ഡോസ് വാക്സീൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

കരുതൽ ഡോസ് വാക്സിന് അർഹതയുള്ളവർക്ക് ഒന്നും രണ്ടും ഡോസ് സ്വീകരിച്ച അതേ വാക്സിൻ തന്നെയാണ് നൽകേണ്ടത്. കോവിഡ് വാക്സിനേഷൻ സെന്ററുകളായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് അവിടെത്തന്നെ കരുതൽ ഡോസ് നൽകാം. തങ്ങളുടെ ജീവനക്കാർക്ക് സ്വകാര്യ ആശുപത്രികൾക്ക് സൗജന്യമായോ പണം ഈടാക്കിയോ കരുതൽ ഡോസ് നൽകാം. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും പുറമേ സായുധ സേനാംഗങ്ങൾ,കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പെഷൽ ഫോഴ്സ് അംഗങ്ങൾ, കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും കരുതൽ ഡോസിന് അർഹതയുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് 15-നും 18-നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികൾക്ക് ശനിയാഴ്ച കോവിഡ് വാക്‌സിൻ നൽകി. ഇതോടെ കേരളത്തിലാകെ 4,41,670 (29 ശതമാനം) കുട്ടികൾക്ക് വാക്‌സിൻ നൽകി. തിരുവനന്തപുരം- 7871, കൊല്ലം- 9896, പത്തനംതിട്ട- 5141, ആലപ്പുഴ- 9185, കോട്ടയം- 11,776, ഇടുക്കി- 1743, എറണാകുളം- 1856, തൃശ്ശൂർ- 19,156, പാലക്കാട്- 12,602, മലപ്പുറം- 10,581, കോഴിക്കോട്- 3528, വയനാട്- 3929, കണ്ണൂർ- 21,626, കാസർകോട്- 3811 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്.

ഓമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്. കരുതൽ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം പുറത്തിറക്കും.