- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ട് അടഞ്ഞു കിടക്കുന്ന വീടിനുള്ളിൽ രണ്ട് പുലിക്കുട്ടികൾ; തള്ളപ്പുലിയെ കണ്ടെത്താനായില്ല; വനം വകുപ്പിന്റെ പരിശോധന; പ്രദേശവാസികൾ ആശങ്കയിൽ
പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞു കിടക്കുന്ന വീട്ടിനുള്ളിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി.
പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തള്ളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നൻ എന്ന നാട്ടുകാരൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ജനിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഡിഎഫ്ഒ ഓഫീസിൽ എത്തിയ പുലിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണങ്ങൾ നൽകിവരികയാണ്. തള്ളപ്പുലിയെ കണ്ടെത്താനുള്ള തെരച്ചിൽ വനംവകുപ്പ് ആരംഭിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഉമ്മിണി. ജനവാസ മേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
മറുനാടന് മലയാളി ബ്യൂറോ