മുംബൈ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി മഹാരാഷ്ട്ര സർക്കാർ. പുതുക്കിയ നിയന്ത്രണങ്ങൾ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അൻപത് ശതമാനം ആളുകൾക്ക് പ്രവേശിക്കാം. എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് അനുമതി. കൂടാതെ ജീവനക്കാരും വാക്സിൻ എടുത്തവരാകണമെന്നും പുതുക്കിയ നിർദേശത്തിൽ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്, ഓമിക്രോൺ കേസുകൾ സംസ്ഥാനത്താണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി പതിനൊന്ന് മുതൽ പുലർച്ചെ അഞ്ചുവരെ അവശ്യസർവീസുകൾ ഒഴികെയുള്ള എല്ലാ യാത്രകളും വിലക്കിയിട്ടുണ്ട്.

അഞ്ചോ അതിലധികമോ ആളുകൾ ഒന്നിച്ചുപോകുന്നതിന് വിലക്കുണ്ട്. വിവാഹം ഉൾപ്പടെയുള്ള ആഘോഷപരിപാടികൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി. 20 പേർക്ക് മാത്രമെ സംസ്‌കാരചടങ്ങിന് അനുമതിയുള്ളു. അടുത്തമാസം 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം അടച്ചു. വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും പകുതിപേർക്ക് മാത്രമെ പ്രവേശനമുള്ളു.

ഇന്നലെ 41,434 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാ നഗരമായി മുംബൈയിൽ മാത്രം ഇരുപതിനായിരത്തിന് മുകളിൽ പേർക്കാണ് രോഗം കണ്ടെത്തിയത്.9,671 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്ന് രോഗ മുക്തി. 13 പേർ മരിച്ചു. നിലവിൽ 1,73,238 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,41,627. സംസ്ഥാനത്തെ ആകെ ഓമിക്രോൺ കേസുകൾ 1009. മുംബൈയിൽ 20,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചു. നിലവിൽ മുംബൈയിൽ 1,06,037 പേരാണ് ചികിത്സയിലുള്ളത്.