തിരുവനന്തപുരം: കെ റെയിൽ കേരളത്തിന്റെ വളർച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. തൊഴിലാളിയുടെ അധ്വാനം അളക്കുന്നത് സമയത്തിലാണ്. കേരളത്തിനകത്ത് സമയം ലാഭിക്കാൻ സഹായിക്കുന്നു എന്നതാണ് കെ റെയിൽ പദ്ധതിയുടെ പ്രാധാന്യം. 12 മണിക്കൂർ യാത്ര ചെയ്യണ്ട ദൂരം 3 മണിക്കൂർ 54 മിനിറ്റായി കുറക്കുന്നത് സാമൂഹ്യ സാമ്പത്തിക മേഖലയിൽ വിപ്ളവകരവും ഗുണപരവുമായ മാറ്റമാണ് ഉണ്ടാക്കുക.

സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉൽപാദനത്തിൽ 70% സർവ്വീസ് മേഖലയിൽ നിന്നാണ്. കൃഷി 8 % വും വ്യവസായം 14% വുമാണ് സംഭാവന ചെയ്യുന്നത്. ലോകത്തെവിടെയും തൊഴിൽ ചെയ്യാൻ സന്നദ്ധമായ ഉയർന്ന ഗുണനിലവാരവും വിദ്യാഭ്യാസ നിലവാരവുമുള്ള തൊഴിൽ ശക്തിയാണ് കേരളത്തിനുള്ളത്. ഐടി - മെഡിസിൻ - മാനേജ്മെന്റ് - എഞ്ചിനീയറിംങ്ങ് - ഗവേഷണ മേഖലകളിൽ സേവന വ്യവസായങ്ങളിൽ വലിയ വികസന സാദ്ധ്യതയുള്ളവരാണ് മലയാളികൾ.

ആധുനിക വ്യവസായ സമൂഹത്തിൽ സമയത്തിന്റെ പ്രാധാന്യം പരിഗണിക്കാതെയാണ് കെ. റെയിൽ വിരുദ്ധ പ്രചാരണം. അത് കേരളത്തിലെ തൊഴിലാളിവർഗ - കർഷക വർഗ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതിരോധിക്കണ്ടതാണ്.പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കൽ എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കാൻ നിയമപരമായി പുനഃരധിവാസം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. സ്ഥലത്തിനും വീടിനും വില നിശ്ചയിച്ച് പകരം സംവിധാനം ഉറപ്പുവരുത്തുകയും ഉയർന്ന നഷ്ട പരിഹാരം നൽകുകയുമാണ് പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്.

കേരളത്തെ രണ്ടായി മതിൽ കെട്ടി വിഭജിക്കുന്നു, നീരൊഴുക്ക് തടയുന്നു എന്നീ വാദങ്ങൾ വൈകാരികമായി ഉന്നയിക്കുകയാണ്. ഉയർന്ന സാങ്കേതിക വിദ്യയിലൂടെ ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതമാണ് എന്ന് ഉറപ്പുവരുത്തി പരിഹരിക്കാവുന്നതാണ് മേൽ വിമർശനങ്ങൾ. മറുഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തിനും വിഭവ സുരക്ഷക്കും വലിയ മുതൽ കൂട്ടാണ് കെ റെയിൽ പദ്ധതി എന്നതാണ് യാഥാർഥ്യം.

കെ റെയിൽ പദ്ധതി ഏറ്റെടുക്കാനുള്ള ശേഷിയുള്ളതാണ് കേരളത്തിന്റെ സമ്പദ്ഘടന. കെ റെയിലിനെതിരായ എതിർപ്പ് വലതുപക്ഷ - അവസരവാദ രാഷ്ടിയത്തിന്റെ നിലനിൽപ്പിന്റെ ഭാഗമാണ്.തെറ്റിദ്ധാരണയും സാമൂഹ്യ വികസനത്തെ സംബന്ധിച്ച വ്യക്തതക്കുറവും മൂലം പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള വിഭാഗങ്ങളുമായി തുറന്ന ആശയ വിനിമയം നടത്തി വേണം പദ്ധതി നടപ്പിലാക്കാൻ.

തൊഴിലാളി - കർഷക വിഭാഗങ്ങൾക്കും വ്യവസായ വിപണന മേഖലകൾക്കും ഗുണകരമായ പദ്ധതിയെ കക്ഷി രാഷ്ട്രീയ പരിഗണനയിലൂടെ എതിർക്കുന്നത് തുറന്നു കാണിക്കാനും പദ്ധതി നടപ്പിലാക്കാനും സാധിക്കണമെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി .