മുംബൈ: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളുടെ വേദികൾ വെട്ടിക്കുറക്കുന്നകാര്യം ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. നിരവധി സംസ്ഥാനങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് ബിസിസിഐ വേദികൾ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ഫെബ്രുവരി ഒമ്പതിന് ജയ്പൂർ, 12ന് കൊൽക്കത്ത എന്നീ വേദികളിലാണ് ഏകദിനങ്ങൾ നടക്കേണ്ടത്. ടി20 പരമ്പരയിലെ മത്സരങ്ങൾ ഫെബ്രുവരി 15ന് കട്ടക്ക്, ഫെബ്രുവരി 18ന് വിശാഖപട്ടണം, ഫെബ്രുവരി 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലും നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

വേദികൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചാൽ അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതും ഓമിക്രോൺ കേസുകൾ വർധിക്കുന്നതും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. എന്നാൽ വേദികൾ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

വരും ദിവസങ്ങളിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. എന്തായാലും കൂടുതൽ വേദികളിലേക്കുള്ള യാത്ര ഒഴിവാക്കാനായി പരമാവധി മൂന്ന് വേദികളിൽ മത്സരം നടത്താനായാരിക്കും ബിസിസിഐ തീരുമാനിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇൻഡീസ് ടീം മൂന്ന് ദിവസം ഐസോലേഷനിൽ കഴിഞ്ഞശേഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയശേഷനമാകും പരിശീലനത്തിന് ഇറങ്ങുക.

നിലവിൽ ഈ വിഷയത്തിൽ തീരുമാനമൊന്നും ഇടുത്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.