- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ്; ടിപിആർ ഉയരുന്നു; തിങ്കളാഴ്ച അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കോവിഡ് അവലോകന യോഗം ചേരും. ജില്ലകളിലെ കോവിഡ് സാഹചര്യം യോഗം വിലയിരുത്തും.രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കോവിഡിനൊപ്പം ഓമിക്രോൺ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിർദേശങ്ങൾ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും നാളെയാണ്.
കേരളത്തിൽ ഇന്ന് 6238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ആഴ്‌ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വർധന. ടിപിആറും ഉയർന്നു. ഇന്ന് 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
പരിശോധന കുറവാണെങ്കിലും രോഗികളുടെ എണ്ണം പെരുകുന്ന അപകടരമായ സ്ഥിതിയാണിപ്പോൾ. ഇക്കാര്യം ആരോഗ്യവകുപ്പ് ഗൗരവമായാണ് കാണുന്നത്. സമൂഹത്തിൽ ഓമിക്രോണിന്റെ സാന്നിധ്യം ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ദ്ധർ.
കഴിഞ്ഞ ആഴ്ചമുതൽ അടച്ചിട്ട മുറിയിൽ 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും പ്രവേശനം അനുവദിച്ച് ഉത്തരവായെങ്കിലും അത് ഇനിയും നടപ്പായിട്ടില്ല. സർക്കാർ പരിപാടികളിൽ ഉൾപ്പെടെ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം പ്രതിദിനം കുതിക്കുന്ന സാഹചര്യത്തിൽ ചികിത്സ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ അനിവാര്യമാകുന്നത്.
ടി.പി.ആർ 11 ശതമാനം കടന്നതോടെ തിങ്കളാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11.30ന് ഓൺലൈനായാണ് അവലോകനയോഗം ചേരുക. ഗുരുതരാവസ്ഥയിൽ എത്തുന്നവർ കുറവാണെങ്കിലും രോഗികൾ കുത്തനെ ഉയർന്നാൽ അതിന് ആനുപാതികമായി മരണസംഖ്യ ഉയരും. ഇത് തടയാൻ നിയന്ത്രണം കൂടിയേ തീരൂ എന്നാണ് വിലയിരുത്തൽ.
അതേ സമയം, സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്സിനെടുക്കുന്നത്.
രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺ ലൈൻ ബുക്കിങ് വഴിയും കരുതൽ ഡോസ് വാക്സിനേടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത്.
മറുനാടന് മലയാളി ബ്യൂറോ