ഇടുക്കി: ടൂറിസ്റ്റ് ബസിന്റെ തകരാർ പരിശോധിക്കുന്നതിനിടെ എയർ സസ്‌പെൻഷനിൽ തലകുരുങ്ങിയ ഡ്രൈവറെ 45 മിനിറ്റിന് ശേഷം രക്ഷപ്പെടുത്തി. എയർ സസ്‌പെൻഷനിൽ തല കുടുങ്ങിയതോടെ ആനങ്ങാൻ പോലും ആവാതെ വന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (25) ആണ് ബസിനടിയിൽ തല കുടുങ്ങി ജീവനും മരണത്തിനും ഇടയിലൂടെ കടന്നുപോയത്.

ഇന്നലെ രാവിലെ രാമക്കൽമേട് തോവാളപ്പടിയിലായിരുന്നു സംഭവം. ടയറുകൾ ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലുകളുടെ ഇടയിലുള്ള എയർ സസ്‌പെൻഷനിലാണു ഡ്രൈവറുടെ തല കുടുങ്ങിയത്. മലപ്പുറത്തുനിന്ന് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയതാണ് സംഘം. രാമക്കൽമേട്ടിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിനു തകരാർ കണ്ടെത്തി. കുനിഞ്ഞ് കിടന്ന് വാഹനത്തിന്റെ തകരാർ പരിശോധിക്കുന്നതിനിടെ വണ്ടിയുടെ ബോഡി താഴുകയും നിസാർ ബസിനടിയിൽ കുടുങ്ങുകയുമായിരുന്നു.

തോവാളപ്പടിയിൽ റോഡരികിൽ ബസ് പാർക്ക് ചെയ്ത ശേഷം നിസാർ ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചു. ഇതിനിടെ ബസിന്റെ എയർ സംവിധാനത്തിൽ തകരാർ സംഭവിച്ച് ആക്‌സിലുകളുടെ ഇടയിലുള്ള ഭാഗങ്ങൾ അടുത്തതോടെ നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങി. ഡ്രൈവറെ പുറത്തേക്കു കാണാതെ വന്നതോടെ യാത്രക്കാരിൽ ചിലർ എത്തി പരിശോധിച്ചപ്പോഴാണ് കുടുങ്ങിയ വിവരം അറിഞ്ഞത്.

ഉടൻ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയർത്തി. സേനാ ഉദ്യോഗസ്ഥരായ അജിഖാൻ, വി.അനിഷ്, സണ്ണി വർഗീസ്, ടി.അജേഷ്, രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ സംഘവും നെടുങ്കണ്ടം താലൂക്കാശുപത്രി ആംബുലൻസ് ഡ്രൈവർ ഷാജിയും തോവാളപ്പടി നിവാസികളും ചേർന്ന് വാഹനത്തിന്റെ ഏതാനും ഭാഗം അഴിച്ചെടുത്താണു നിസാറിനെ രക്ഷപ്പെടുത്തിയത്.

ബസിൽ നിറയെ ആളുണ്ടായിരുന്നു. ആരെങ്കിലും പുറത്തിറങ്ങിയാൽ ആക്‌സിലുകൾ കൂടുതൽ അടുക്കുകയും ഡ്രൈവറുടെ നില കൂടുതൽ അപകടത്തിലാകുകയും ചെയ്യുമായിരുന്നു. രക്ഷകരായെത്തിയ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ് യാത്രാസംഘം മടങ്ങി.