വലവൂർ: വലവൂരിലെ വോളിബോൾ കോർട്ടിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പൻ എം എൽ എ യും 'ചെറുപ്പക്കാ'രായി കളിക്കളത്തിൽ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എം എൽ എ അധ്യക്ഷനുമായിരുന്നു. മുൻ അന്തർദ്ദേശീയ താരം കൂടിയായ മാണി സി കാപ്പൻ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരുന്നു എത്തിയത്. റോഷിയാകട്ടെ എത്തിയ ശേഷമാണ് ജേഴ്‌സി അണിഞ്ഞത്.

പ്രസംഗത്തിൽ തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടർന്നു ഇരുവരും കോർട്ടിലിറങ്ങിയപ്പോൾ കാണികൾ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി കാപ്പൻ കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നൽകിയ പാസ് എടുത്ത മാണി സി കാപ്പൻ അതു തിരിച്ചു റോഷിക്കിട്ടു നൽകി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓർമ്മകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽ നിന്നും തിരികെ കയറിയത്.

ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രൊഫ വി കെ സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പി സി രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, അഡ്വ സോമശേഖരൻ നായർ , അഗസ്റ്റിൻ അലക്‌സ് എന്നിവർ പ്രസംഗിച്ചു.