ലോസ്ആഞ്ചലസ്: കാലിഫോർണിയ സംസ്ഥാനത്തെ വലിയ കൗണ്ടികളിലൊന്നായ ലോസ്ആഞ്ചലസിൽ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഔദ്യോഗികമായി അറിയിച്ചു. 13 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാൻഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയിൽ മാത്രം മരിച്ചവരുടെ എണ്ണം 27,785 ആയി ഉയർന്നു.

അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനൊപ്പം പുതിയ വേരിയന്റായ ഒമിക്രോണും പടരുന്നു. ദിവസേന കൗണ്ടിയിൽ 1,15,000 പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതിൽ 20 ശതമാനത്തിനും രോഗം സ്ഥിരീകരിക്കുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകൾ പുതിയ റിക്കാർഡിലേക്ക് എത്തിയിരിക്കുന്നു. ഏഴു ദിവസത്തിനുള്ളിൽ 2,00,000 പുതിയ കേസുകളാണ് കൗണ്ടിയിൽ സ്ഥിരീകരിച്ചത്.

പാൻഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയിൽ രണ്ടു മില്യൻ കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 3364 പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഓമിക്രോൺ വേരിയന്റുമായി ആശുപത്രിയിൽ കഴിയുന്നവരിൽ രോഗ ലക്ഷണങ്ങൾ ഗുരുതരമായി കാണുന്നതായും അധികൃതർ അറിയിച്ചു.