- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറന്നു പോകുന്നതു രണ സ്മാരകങ്ങളെ മാത്രമല്ല; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത പതിനായിരങ്ങളെ കൂടി: കെ റെയിലിനെതിരെ കുറിപ്പുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ
കണ്ണൂർ: കെ റെയിൽ പദ്ധതിക്കെതിരെ ഫേസ്‌ബുക് കുറിപ്പുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. രക്തസാക്ഷികളുടെ ഓർമകൾ കെ റെയിലിനും ജലപാതയ്ക്കും കടമെടുക്കാനായി കെടാതെ കത്തുമ്പോൾ മറന്നു പോകുന്നതു രണസ്മാരകങ്ങളെ മാത്രമല്ലെന്നു കക്ഷിരാഷ്ട്രീയ പ്രവർത്തകനല്ലാത്ത രൂപേഷ് പന്ന്യന്റെ കുറിപ്പിൽ പറയുന്നു.
'കാലത്തിനു മുൻപേ പറക്കാൻ വെമ്പുന്ന മനസുമായി നിൽക്കുന്നവർക്കു മുന്നിൽ, തുന്നാൻ ചിറകുകളില്ലാത്തവരുടെ മോഹങ്ങൾ വെറും വ്യാമോഹങ്ങളായിത്തീരും. സ്വന്തം ചിറകുകൾ തുന്നാതെ മറ്റുള്ളവരുടെ ചിറകുകൾ തുന്നാൻ തുനിഞ്ഞിറങ്ങിയവരായിരുന്നു കയ്യൂരും കരിവെള്ളൂരും പുന്നപ്രയിലും വയലാറിലും ചിറകുകളറ്റ് ചാരമായത്. എംപി ആകാനും എംഎൽഎ ആകാനും മന്ത്രിയാകാനുമുള്ള മോഹമില്ലാതിരുന്ന അവരുടെ ചാരത്തിൽ ഹൃദയം ചേർത്തു വച്ചപ്പോഴാണു ബലികുടീരങ്ങൾ കെടാത്ത കൈത്തിരി നാളങ്ങളായത്. ഇപ്പോൾ മറന്നു പോകുന്നതു രണ സ്മാരകങ്ങളെ മാത്രമല്ല. മരുന്നിനു പോലും തികയാത്ത ക്ഷേമ പെൻഷനുകളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത, പെൻഷൻ കൂട്ടിക്കിട്ടേണ്ട പതിനായിരങ്ങളെ കൂടിയാണ്.
പറന്നെത്താനായി ഒന്നര മണിക്കൂർ മാത്രം നിൽക്കുന്നിടത്തേക്ക് 4 മണിക്കൂർ കൊണ്ട് ഓടിയെത്താൻ തിടുക്കപ്പെടുമ്പോൾ കാഴ്ചക്കാരാകുന്നതു കോവിഡിൽ ദുരിതമനുഭവിക്കുന്ന ജനസഞ്ചയമാണ്. കമ്യൂണിസ്റ്റ് മന്ത്രിമാർ അത്യാവശ്യമല്ലാത്ത പാളത്തിനായി അമിതവേഗം ഓടി നടക്കുമ്പോൾ തകർന്നു വീഴുന്നതു പാവങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യമാണെന്നതു മറക്കരുത് കുറിപ്പിൽ പറയുന്നു.