- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളംനിരക്കിൽ കുടിശിക വരുത്തിയാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും; തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കും
തിരുവനന്തപുരം: വെള്ളംനിരക്കിൽ കുടിശിക വരുത്തിയാൽ ജലഅഥോറിറ്റി ഉദ്യോഗസ്ഥർ ഇനി ഉപയോക്താവിന്റെ വീട്ടുമുറ്റത്തെത്തും. ആദ്യം ഫോണിൽ വിളിക്കും. ഫോണിൽ കിട്ടിയില്ലെങ്കിലാണു പണം പിരിക്കാനായി വീട്ടിലെത്തുക. തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കും. ജലഅഥോറിറ്റി അക്കൗണ്ട്‌സ് മെംബർ വി.രാമസുബ്രഹ്മണിയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണു കടുത്ത നടപടികളിലേക്ക് അഥോറിറ്റി കടക്കുന്നത്. മാർച്ച് വരെയുള്ള 3 മാസം കൊണ്ട് 300 കോടി രൂപ (മാസം 100 കോടി വീതം) പിരിച്ചെടുക്കണമെന്ന കർശന നിർദേശമാണ് സർക്കുലറിലൂടെ നൽകിയിരിക്കുന്നത്. പ്രതിമാസം 177 കോടി രൂപയാണ് ജലഅഥോറിറ്റി നിശ്ചയിച്ചിരിക്കുന്ന ടാർഗറ്റ്.
അതിൽ 100 കോടി രൂപയെങ്കിലും പിരിച്ചെടുക്കണം. ഇതിനായി ഓരോ ഡിവിഷനും ഉടൻ കർമപദ്ധതിയുണ്ടാക്കണം. പരമാവധി ജീവനക്കാരെ ഉൾപ്പെടുത്തി റവന്യു സ്‌ക്വാഡ് രൂപീകരിക്കാനുള്ള നടപടികളും തുടങ്ങി. ഡിവിഷനുകളുടെ പ്രവർത്തനം എക്‌സിക്യൂട്ടീവ് എൻജിനീയർമാരും സൂപ്രണ്ടിങ് എൻജിനീയർമാരും നിരീക്ഷിക്കണം.
ഓരോ ആഴ്ചയിലെയും റവന്യു കലക്ഷൻ പുരോഗതി എക്‌സിക്യൂട്ടീവ് എൻജിനീയർമാർ നേരിട്ടു വിലയിരുത്തണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (202021) അവസാന മാസം നടന്ന തീവ്രകുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി 115 കോടി രൂപ പിരിച്ചെടുക്കാൻ ജലഅഥോറിറ്റിക്കു കഴിഞ്ഞു. ഇത് ഇത്തവണയും തുടരാനാണു തീരുമാനം.