ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷ്ണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ഇൻഫർമേഷൻ സയൻസ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിവയിൽ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മിത യോഗിരാജ് (ന്യൂയോർക്ക് ചാപ്റ്റർ) ആണ് പ്രസിഡന്റ്. മറ്റുഭാരവാഹികൾ: ആസാദ് ജയൻ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- നയാഗ്ര ചാപ്റ്റർ), വൈസ് പ്രസിഡന്റ്മാരായി ആനി ചന്ദ്രൻ (അറ്റ്‌ലാന്റ ചാപ്റ്റർ), ഷിബി റോയ് (ഹൂസ്റ്റൺ ചാപ്റ്റർ),മില്ലി ഫിലിപ്പ് (ഫിലാഡൽഫിയ ചാപ്റ്റർ), ഡോ. നീതു തോമസ് (ഓഹിയോ), ജനറൽ സെക്രട്ടറി- സി.ജി. ഡാനിയൽ (ഹൂസ്റ്റൺ ചാപ്റ്റർ). സെക്രട്ടറിമാരായി പ്രൊഫ.ജോയ് പള്ളാട്ടുമഠം (ഡാളസ് ചാപ്റ്റർ), അനിത നവീൻ (വാൻകൂവർ ചാപ്റ്റർ), രൂപ്‌സി നരുല (എൻജെ ചാപ്റ്റർ), ഷാൻ ജസ്റ്റസ് (സാൻ അന്റോണിയോ) എന്നിവരെ തെരഞ്ഞെടുത്തു. ജോജി കാവനാൽ ( ന്യൂ യോർക് ചാപ്റ്റർ ) ട്രഷററും ബിൻസ് മണ്ഡപം (ടൊറന്റോ ചാപ്റ്റർ) ജോയിന്റ് ട്രഷററുമായി തെരഞ്ഞെടുത്തു. എക്‌സ്് ഓഫീഷോയായി ഡോ.എസ്.എസ്.ലാലിനെ (ഡിസി) തെരഞ്ഞെടുത്തു. ദേശീയ കോ-ഓർഡിനേറ്റർമാരായി ബൈജു പാക്കലോമറ്റം (കാനഡ), തോമസ് മാത്യു (അനിൽ- ന്യൂയോർക് ചാപ്റ്റർ )എന്നിവരെ തെരഞ്ഞെടുത്തു. പി ആർ ഓമാരായി സുനിൽ മഞ്ഞനിക്കര (ന്യൂയോർക്), ഹേമ വിരാനി(ന്യൂയോർക്), ഡോ. ആൻ എബ്രഹാം (ആൽബെർട്ട ചാപ്റ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.

ഇൻഫർമേഷൻ സയൻസ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിവയിൽ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മീത യോഗിരാജ്, ജസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ പ്രോഗ്രാമിങ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ എന്ന നിലയിൽ പരമ്പരാഗത പ്രക്ഷേപണ രീതികൾക്ക് മേലേ ഡിജിറ്റൽ സാക്ഷരത കൊണ്ടുവരാൻ ശ്രമിച്ച പ്രതിഭയാണ്. ജസ് പഞ്ചാബി ടിവിക്കും ജസ് ഹിന്ദി ടിവിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഗൂഗിൾ യുഗത്തിൽ വളർന്ന്, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, എസ്ഇഒ സമ്പ്രദായങ്ങൾ, ഡാറ്റാ അനലിറ്റിക്സ് എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള യോഗിരാജ് ജസ് ബ്രാൻഡിന്റെ മികച്ച വിപണനത്തിൽ മികച്ച സംഭാവനകളാണ് നൽകുന്നത്. നിലവിലെ പ്രേക്ഷകരെ നിലനിർത്താനും പുതിയ കാഴ്ചക്കാരെ നേടിയെടുക്കാനുമുള്ള പ്രവർത്തനങ്ങൾ ക്രോഡികരിക്കാനുള്ള മിടുക്ക് അവർക്കുണ്ട്. യോഗിരാജ് SUNY സ്റ്റോണി ബ്രൂക്കിൽ നിന്ന് ബിരുദവും സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2006ൽ മനോരമ ന്യൂസിൽ ട്രെയിനി റിപ്പോർട്ടറായി ടിവി ജേർണലിസം ആരംഭിച്ച ആസാദ് ജയൻ 6 വർഷം മനോരമ ന്യൂസിൽ തിരുവനന്തപുരം, ഡൽഹി എന്നീ ബ്യുറോകളിൽ റിപ്പോർട്ടറായും, മെയിൻ ഡെസ്‌കിൽ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാർത്തകൾ, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകൾ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമൻ ഇന്ററെസ്‌റ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, നിരവധി പ്രമുഖരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്. ഫിലിം മേക്കിങ്ങിൽ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷനിൽ അഡ്വാൻസ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.

അറ്റ്‌ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആനി ചന്ദ്രൻ ഏഷ്യൻ ഈറ വീക്കിലി ന്യൂസ് പേപ്പറിന്റെ റസിഡന്റ് എഡിറ്ററാണ്. മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ (മാസ്‌കോം) നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആനി, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ആർആർ ഡൊണല്ലിയുടെ പബ്ലിഷിങ് വിഭാഗം എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.
2018 നവംബർ മുതൽ അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷൻ (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാർത്താക്കുറിപ്പായ 'നാട്ടുവിശേഷം' തുടങ്ങുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവിൽ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഐഎപിസി ഹൂസ്റ്റൺ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ഷിബി റോയ് ആതുര സേവന രംഗത്തും മാധ്യമ രംഗത്തും ഒരു പോലെ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ്. തന്റെ നഴ്‌സിങ് ജോലിക്കിടയിലും പാഷനായ റേഡിയോ ജോക്കിയുടെ വേഷം അണിയാനും വിജയത്തിലെത്തിക്കാനും ഷിബിക്ക് കഴിഞ്ഞു. മല്ലു കഫേ റേഡിയോയുടെ ഫൗണ്ടറും സി ഇ ഒയും റേഡിയോ പേഴ്സനാലിറ്റിയുമാണ്. റേഡിയോ എന്ന മാധ്യമത്തിലൂടെ നന്മയും സ്‌നേഹവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഷിബിയെ ശ്രദ്ധേയയാക്കുന്നത്. ശാരീരിക- മാനസിക ആരോഗ്യം പരിപാലിക്കുന്നതിനായുള്ള പരിപാടികളാണ് മല്ലു കഫേ റേഡിയോ മുന്നോട്ട് വെക്കുന്നത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺന്റെ 2020 - 2021 ലേക്കുള്ള തിരഞ്ഞെടുത്ത വനിതാ പ്രതിനിധിയായ ഷിബി റോയ് അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ വുമൺസ് ഫോറം ചെയർപേഴ്‌സനാണ്.

ഫിലാഡൽഫിയ ചാപ്റ്ററിന്റെ ഐഎപിസി പ്രസിഡന്റായ മില്ലി ഫിലിപ്പ്, വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറിയും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ വിമൻസ് ഫോറം ചെയർപേഴ്സണുമായി സേവനമനുഷ്ഠിക്കുന്നു. മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ)വിമൻസ് ഫോറം ചെയർപേഴ്സൺ, ഡബ്ല്യുഎംസി പിഎ പ്രൊവിൻസ് വിമൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ മില്ലി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓർത്തഡോക്‌സ് സൺഡേ സ്‌കൂളിന്റെ പ്രോഗ്രാം കോർഡിനേറ്റർ കൂടിയാണ്.
നീതി നിർവഹണത്തിനായും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുമായും അക്ഷരാർത്ഥത്തിൽ ഉഴിഞ്ഞു വെച്ച ജീവിതമാണ് മില്ലി ഫിലിപിന്റേത്. ചെറുപ്പം മുതലേ, പൊതു പ്രസംഗത്തിനും കലാലയ രാഷ്ട്രീയത്തിനും മറ്റും നിരവധി അവാർഡുകളും സ്ഥാനമാനങ്ങളും മില്ലിയെ നേടിയിട്ടുണ്ട്. 1995-ൽ എംജി യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്ററായിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദർശൻ, ഗ്ലോബൽ റിപ്പോർട്ടർ എന്നിവയെ പ്രതിനിധീകരിച്ച് അവതാരക/വാർത്ത റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച മില്ലിക്ക് മാധ്യമ പാരമ്പര്യവുമുണ്ട്. തന്റെ കർമ്മ രംഗം ഐടി മേഖലയിലായിരുന്നെങ്കിലും ഉള്ളിലെ സേവന മനോഭാവം സമൂഹത്തിൽ സജീവയാകാൻ മില്ലിയെ ക്ഷണിച്ചു. കല്ലൂപ്പാറ സ്വദേശികളായ തോമസ് കോരുതിന്റെയും ലില്ലി തോമസിന്റെയും മകളായ മില്ലി ഇന്നോരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ് ടീച്ചറായി സേവനം ചെയ്യുന്നു. പെൻസിൽവാനിയയിലെ ഡൗണിങ്ടൗണിലാണ് ഇപ്പോൾ താമസിക്കുന്നത്. ഫിലിപ്പ് ജോണാണ് ഭർത്താവ്. ശിശിര, നിവേദ് എന്നീ രണ്ട് മക്കളുണ്ട്.

ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബർ റിപ്പോർട്ടൽ ചാനലിന്റെ സീനിയർ റിപ്പോർട്ടറാണ്. ഗ്ലോബർ റിപ്പോർട്ടർ ടിവിയുടെ ദിവസേനയുള്ള ഗ്ലോബൽ ന്യൂസ് അവറിലേക്ക് നീതു റിപ്പോർട്ടു ചെയ്ത പല വാർത്തകളും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

2016ൽ യു.എസ്സിലേക്ക് കുടിയേറുന്നതിനു മുൻപ് സി.ജി. ഡാനിയേൽ സംരംഭക രംഗത്ത് വിജയം കൈവരിച്ചിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും പല ആഫ്രിക്കൻ രാജ്യങ്ങളിലും അദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും പുറത്തും നിരവധിയാളുകൾ പിന്തുടരുന്ന ഒരു അറിയപ്പെടുന്ന എഴുത്തുകാരനും അമേച്വർ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ടെലിവിഷൻ ചാനലുകളും സൂം പ്ലാറ്റ്ഫോമുകളിലും വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിലെ സജീവ മുഖമാണ് അദേഹം. കൂടാതെ, പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായും അസോസിയേഷനുകളുമായും ബന്ധം പുലർത്തിപ്പൊരുന്നു. ഐഎപിസിയിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ്, ഐഎംസി 2019 സുവനീർ കമ്മിറ്റി ചെയർമാൻ, ദേശീയ വൈസ് പ്രസിഡന്റ് എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് സി ജി ഡാനിയേൽ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ദീപാലയയുടെ സ്ഥാപക പ്രസിഡന്റും സിഇഒയുമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഡൽഹിയിലുള്ള ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ദീപാലയ.

ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായ പ്രൊഫ. ജോയ് പള്ളാട്ടുമഠം 2015-2019 കാലയളവിൽ ഈ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുവോളജിക്കൽ സൊസൈറ്റി ഓഫ് കേരള പ്രസിദ്ധീകരിച്ച പ്രീ-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള സുവോളജി, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അനിമൽ ഡൈവേഴ്സിറ്റി എന്നീ 2 അക്കാദമിക് പുസ്തകങ്ങളുടെ എഡിറ്ററും സഹ-രചയിതാവുമാണ് അദ്ദേഹം. ഇക്കോഫ്രറ്റേണിറ്റിയും കേരള സെന്റർ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷനും ചേർന്ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ദ്വൈമാസിക BULBUL ന്റെ സഹപത്രാധിപരായിരുന്നു (199098 കാലയളവിൽ). ദി ലാൻഡ് യൂസ് ബോർഡ് ട്രിവാൻഡ്രം, ഫ്രണ്ട്‌സ് ഓഫ് ട്രീസ് കോട്ടയം, ഇക്കോഫ്രറ്റേണിറ്റി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ട്രീ ഇന്ത്യ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പത്രങ്ങളിലും മാസികകളിലും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടെക്സാസിലും മറ്റും മലയാളി കുട്ടികൾക്കായി പ്രവാസി ശ്രേഷ്ഠ മലയാളം ഭാഷാ കോഴ്സ് നടത്തിക്കൊണ്ട് പ്രൊഫ. ജോയ് പള്ളാട്ടുമഠം അമേരിക്കയിൽ തന്റെ സാമൂഹിക സന്നദ്ധത തുടർന്നു. 2019-ൽ, ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട പ്രവാസി ശ്രേഷ്ഠ മലയാളം പുസ്തകങ്ങളുടെ 2 വാല്യങ്ങൾ അദ്ദേഹം സമാഹരിക്കുകയും രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഷിക്കാഗോ സീറോ മലബാർ കാത്തലിക് രൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗമായ അദ്ദേഹം ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയിലും (കെസിസിഎൻഎ) കേരള അസോസിയേഷൻ ഓഫ് ഡാളസിലും അംഗമാണ്. നിലവിൽ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) നോർത്ത് അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

അനിതാ നവീൻ വാൻകൂവർ ചാപ്റ്ററിന്റെ 2020 - 2021 സെക്രട്ടറിയായിരുന്നു. മാധ്യമ അവതാരകനായി റിപ്പോർട്ടർ ചാനലിനെ സേവനമനുഷ്ഠിച്ചു. ടാക്‌സേഷൻ നിയമങ്ങളിൽ പ്രൊഫഷണൽ ബിരുദവും ഫിനാൻഷ്യൽ എംജിടിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ബിസിനസ്സ് ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയിൽ തൊഴിൽ വൈദഗ്ധ്യമുണ്ട്. ബി.സിയിലെ വാൻകൂവർ ഭക്ഷ്യമേഖലയിൽ ഒരു ചെറിയ ബിസിനസ്സ് നടത്തുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്‌സി നരുല. യുഎസിൽനിന്ന് എംബിഎ പഠനം പൂർത്തിയാക്കിയ രൂപ്‌സി, സോഷ്യോളജിയിൽ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യൻ ടൈംസ് എന്നിവയുൾപ്പെടെ നിരവധി അച്ചടി, ഡിജിറ്റൽ, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വർഷമായി രൂപ്‌സി പ്രവർത്തിച്ചുവരുന്നു.

ഷാൻ ജസ്റ്റസ് നിലവിൽ ടെക്‌സസിലെ സാൻ അന്റോണിയോയിൽ ഹെൽത്ത് ആൻഡ് വെൽനസ്/ഫാർമസി ഇൻഫർമേഷൻ ടെക്‌നോളജി ടീമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മാനേജരായി ജോലി ചെയ്യുന്നു. കൂടാതെ ക്രിയേറ്റീവ് റൈറ്റൻ എന്ന നിലയിലും പ്രശസ്തനാണ്. ഡിജിറ്റൽ ടെക്നോളജിക്കാണ് ഷാൻ എപ്പോഴും മുൻഗണന നൽകുന്നത്.

ജോജി കാവനാൽ ഐഎപിസി സ്ഥാപകാംഗമാണ്്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടർ, നോർത്ത് അമേരിക്കൻ മലങ്കര മുൻ ആർച്ഡയോസിയൻ കൗൺസിൽ മെമ്പർ എന്നീ നിലകളിലും പ്രശസ്തനാണ്. മലങ്കര നോർത്ത് അമേരിക്കൻ അതിരൂപതയുടെ പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്റെ ചീഫ് എഡിറ്ററാണ്.
ന്യൂയോർക്ക് ടൗൺ ഹൈറ്റ്സ്, അപ്പർ വെസ്റ്റ്ചെയർ മലയാളി അസോസിയേഷൻ കൗൺസിൽ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിങ് ഇന്റസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പർവൈസറായും ടാക്സ് പ്രൊഫഷണൽ ആയും പ്രവർത്തിച്ച് വരുന്നു.

തൊടുപുഴ സ്വദേശിയായ ബിൻസ് മണ്ഡപം നിലവിൽ ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ പ്രസിഡന്റാണ്. ഒരു ഐടി പ്രൊഫഷണലായി തന്റെ തൊഴിൽ ജീവിതം ആരംഭിച്ച ബിൻസ് ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2009-ൽ കാനഡയിലേക്ക് താമസം മാറിയ അദ്ദേഹം സന്നദ്ധപ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഹാൾട്ടൺ മലയാളി അസോസിയേഷന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം പ്രസിഡന്റായും മറ്റനേകം പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാംസ്‌കാരിക രംഗങ്ങളിൽ തന്റെ മുഖമുദ്ര പതിപ്പിച്ച ബിൻസ് ഹാൾട്ടൺ റീജിയണിലെ മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി കേരളപ്പിറവി സാംസ്‌കാരിക പരിപാടി, സ്പോർട്സ് ക്ലബ്ബ്, ഒരു മലയാളം സ്‌കൂൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. മേഖലയിലെ മൾട്ടി-കൾച്ചറൽ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക്, 2016-ൽ അദ്ദേഹത്തിന് ഹാൾട്ടൺ ന്യൂകോമർ സ്ട്രാറ്റജി അവാർഡ് ലഭിച്ചു. മിസിസാഗയിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ സോഷ്യൽ ആനിമേറ്റർ, പാരിഷ് കൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫാർമസിസ്റ്റായ ഭാര്യ റോസ്മിക്കും അവരുടെ രണ്ട് മക്കളായ ഡെന്നിസിനും ആഞ്ചെലയ്ക്കുമൊപ്പം ബർലിങ്ടൺ ഒന്റാറിയോയിലാണ് ബിൻസ് താമസിക്കുന്നത്.

ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലൽ ഐഎപിസിയുടെ മുൻപ്രസിഡന്റാണ്. 2014 മുതൽ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാൽ ഇപ്പോൾ, വാഷിങ്ടൺ ഡിസി ആസ്ഥാനമായുള്ള അമേരിക്കൻ ഫാമിലി ഹെൽത്ത് ഇന്റർനാഷണൽ എന്ന ഓർഗനൈസേഷനിലെ പകർച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഡോ. ലാൽ, ജനീവയിലെ ഗ്ലോബൽ ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളിൽ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളിൽ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിൽ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ൽ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ഹെൽത്ത് ഷോ (പൾസ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകൾക്ക് അദ്ദേഹം അവതാരകനായി. ഇപ്പോൾ ലോകത്തെ മഹാവിപത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെപ്പറ്റിയുള്ള ശാസ്ത്രീയ സംവാദങ്ങളിലും ചാനൽ ചർച്ചകളിലും തന്റെ ബൃഹത്തായ അറിവും അനുഭവസമ്പത്തും പകരുന്നതിലും ഡോ. ലാൽ കർമ്മോത്സുകനാണ്. നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം 'ടിറ്റോണി' ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകൾ. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം വിർജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാൽ താമസിക്കുന്നത്.


ഐഎപിസി മുൻ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാർത്തയുടെ നയാഗ്ര റീജിയണൽ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങൾ വിവിധമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദർ തെരേസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ കൈക്കാരനുമാണ്. 2011 ൽ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2016 ൽ ഫൊക്കാനയുടെ കാനഡ റീജിയണൽ വൈസ് പ്രസിഡന്റായി. 2007 ൽ ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസിൽ ചേരുകയും ഫോർത് ഡിഗ്രി എടുത്ത് സർ നൈറ്റാകുകയും ചെയ്തു.

ഐഎപിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും പ്രമുഖ ഫോട്ടോ ജേണലിസ്റ്റുമാണ് അനിൽമാത്യു, ഐഎപിസിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സുനിൽ മഞ്ഞനിക്കര ഗ്ലോബൽ റിപ്പോർട്ടർ ചാനലിൽ പ്രോഗ്രാം ഇൻ ചീഫായി പ്രവർത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനിൽ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതൽ 2019 വരെ പബ്ലിക്ക് റിലേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഇഗ്നാത്തിയോസ് അപ്രം ദ്വിതീയൻ പാത്രിയാർക്കീസ് ബാബ വാഴിക്കപ്പെട്ട ചടങ്ങ് മലങ്കരടിവിക്കു വേണ്ടി സിറിയയിൽനിന്നും റിപ്പോർട്ട് ചെയ്തത് സുനിലാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനിൽ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

രണ്ടു ദശാബ്ദത്തിലേറെയായി എഴുത്തിലും റിയൽ എസ്റ്റേറ്റ് വ്യവസായത്തിലും സജീവ സാന്നിധ്യമായ ഹേമ വിരാനി ഒരു കൺസൾട്ടന്റായും കൊച്ചായും സ്വയം വളർന്നു വന്ന വ്യക്തിയാണ്. ആരോഗ്യ കാര്യങ്ങളിലുള്ള അവരുടെ താൽപ്പര്യം മൂലവും, മുൻ കിരീട ജേതാവെന്ന നിലയിലും , നിരവധി വ്യക്തികളെയും കോർപ്പറേഷനുകളെയും ആരോഗ്യപരമായും സൗന്ദര്യപരമായും ആത്മീയപരമായുമുള്ള വികസനത്തിന് സഹായിക്കുന്ന ആദ്യത്തെ ഹോളോബോഡി പരിശീലകരിൽ ഒരാളാവാൻ ഹേമയ്ക്ക് സാധിച്ചു. കൂടാതെ റിയൽ എസ്റ്റേറ്റ്, ആരോഗ്യം, ആത്മീയത, ജീവിതശൈലി എന്നിവയെക്കുറിച്ച് ഹേമ ലേഖനങ്ങൾ എഴുതുന്നുണ്ട്.


നിലവിൽ ആൽബർട്ട ഹെൽത്തിൽ ജോലി ചെയ്യുന്ന ഡോ. ആൻ എബ്രഹാം മുൻപ് ഒരു കനേഡിയൻ മാസികയുടെ പ്രോജക്ട് കോർഡിനേറ്ററും അക്കാദമിക് ജേണൽ റിവ്യൂവറും എഡ്യൂക്കേഷണൽ റിസർച്ച്-സ്പ്രിംഗറുമായിരുന്നു. സെന്റ് മദർ തെരേസ ചർച്ച് കാൽഗറി പ്രസിദ്ധീകരിച്ച സുവനീറുകളുടെ അണിയറ ശില്പികളിൽ ഒരാളാണ് ഇവർ. കൂടാതെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നടത്തുന്ന 'നമ്മളുടെ പള്ളിക്കൂടം' എന്നറിയപ്പെടുന്ന സൗജന്യ മലയാളം ഓൺലൈൻ ക്ലാസുകളുടെ കോർഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. വിവിധ മാധ്യമ പ്രോജക്ടുകൾക്കു വേണ്ടി 'NAMMAL'Dമായും ആൻ എബ്രഹാം ബന്ധപ്പെട്ടിരിക്കുന്നു.