കൊച്ചി: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്‌ഐ ആക്രമണത്തിൽ എട്ടു വിദ്യാർത്ഥികൾക്കു പരുക്കേറ്റു.

ഗുരുതര പരുക്കുകളോടെ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്‌ഐ ആക്രമണങ്ങൾ അഴിച്ചു വിടുന്നതായി കെഎസ്‌യു ആരോപിച്ചു.

ഇടുക്കി പൈനാവ് എൻജിനിയറിങ് കോളജ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ഏറ്റുമുട്ടലിലാണ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ധീരജിന് കുത്തേറ്റത് കോളേജിന് പുറത്തുവെച്ചെന്ന് പ്രിൻസിപ്പൽ. കാമ്പസിന് പുറത്തുവച്ചാണ് അക്രമം നടന്നതെന്നും കോളേജിനകത്ത് സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും പ്രിൻസിപ്പൽ ഡോ.ജലജ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പൊലീസിന് നേരത്തെ കത്ത് നൽകുകയും കാമ്പസിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. സമീപകാലത്തൊന്നും കോളേജിൽ സംഘർഷമുണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

അതേസമയം, എസ്.എഫ്.ഐ. പ്രവർത്തകനെ അക്രമിച്ചത് മണിയാൻകുടി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ധീരജും മറ്റുള്ളവരും കോളേജിന് പുറത്തേക്ക് വന്നപ്പോളായിരുന്നു അക്രമം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് സംഭവമുണ്ടായത്. അക്രമത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് കൂടി കുത്തേറ്റതായും ദൃക്സാക്ഷികൾ പറഞ്ഞു.

ധീരജിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ വിദ്യാർത്ഥിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ മറ്റ് വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരങ്ങളുണ്ട്.