- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മെഡിക്കൽ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പൻ
ദുബായ്: മെഡിക്കൽ ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായ് എക്സ്പോ 2020-ന്റെ ഇന്ത്യ പവലിയനിൽ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീൽ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിലെ ഡോക്ടർമാരുടെ ചികിത്സാ വൈദഗ്ദ്ധ്യത്തിൽ ആകൃഷ്ടരായാണ് വിദേശത്ത് നിന്നുള്ള രോഗികളിൽ ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ഉന്നതനിലവാരമുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എബിഎച്ച്, ജെസിഐ മുതലായ ഉന്നതനിലവാരം ഉറപ്പ് വരുത്തുന്ന അംഗീകാരങ്ങൾ ലഭിച്ച ആശുപത്രികളിൽ മാത്രമേ വിദേശത്ത് നിന്ന് ചികിത്സയ്ക്കായി എത്തുന്നവരെ പ്രവേശിപ്പിക്കാവൂ എന്ന് തീരുമാനിച്ചാൽ ഈ ലക്ഷ്യം അനായാസേന കൈവരിക്കാൻ സാധിക്കും', അദ്ദേഹം പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര സർക്കാറുകളുമായും ഇൻഷുറൻസ് സ്ഥാപനങ്ങളുമായും പരസ്പരം ബന്ധം നിർബന്ധമായും വളർത്തിയെടുക്കണം. ഇത് ഇത്തരം ആവശ്യങ്ങൾക്കായുള്ള യാത്രകളുടെ മൂല്യവും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ മേഖലയുടെ സാധ്യതകൾ രാജ്യം കൂടുതലായി വിനിയോഗിക്കണമെന്നും, ഇത്തരം മേഖലയിലെ ഔട്ട്സോഴ്സിങ് സെന്ററായി മാറാനുള്ള ഇന്ത്യയുടെ കഴിവ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാങ്കേതികവിദ്യയുടെ പുരോഗതി കൃത്യമായി ഉപയോഗപ്പെടുത്തിയാൽ അടുത്ത പത്ത് വർഷത്തിനകം ഇന്ത്യയിലിരിക്കുന്ന ഡോക്ടർക്ക് ആഫ്രിക്കയിലുള്ള രോഗിയിൽ റിമോട്ട് സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നിർവഹിക്കാൻ സാധിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മെഡിക്കൽ ടൂറിസം മേഖലയിൽ വൻ സാധ്യതകൾ ഇപ്പോഴും ബാക്കികിടക്കുന്നുണ്ട്. സാധ്യമായ അന്താരാഷ്ട്ര വിപണികളിലെല്ലാം ഇതിനായുള്ള സന്ദേശങ്ങളെത്തിക്കാൻ സർക്കാരും ടൂറിസം മന്ത്രാലയവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.