കുവൈറ്റ് സിറ്റി : സ്‌നേഹത്തിന്റെ ആഗോളവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനുംവിമർശകനുമായ പ്രൊഫസർ എം കെ സാനു പറഞ്ഞു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ 'പിറവി 2022'-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിലെ മലയാളം ക്ലബ്ബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസമാണ് കിട്ടി രാജ്യങ്ങളിലുമായുള്ള 36 ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയിരുന്നു പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്.

റോസ്മിൻ സോയൂസും കുമാർ ആന്റണി യും അവതാരകരായെത്തിയ യോഗത്തിൽ ഇവന്റ് ചെയറും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് അധ്യക്ഷനുമായ ഷീബ പ്രമുഖ സ്വാഗതം ആശംസിക്കുകയും ജോർജ്ജ് മേലാടൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. രാഘവൻ മേനോൻ, വനിതാ രംഗരാജൻ, ദീപ സുരേന്ദ്രൻ, മൻസൂർ മൊയ്തീൻ, ഖാലിദ് അബ്ദുള്ള , ബീന ടോമി, അബ്ദുൽഗഫൂർ, നാരായണൻ എന്നിവർ വിവിധ രാജ്യങ്ങളെയും ക്ലബ്ബുകളുടെയും പ്രതിനിധീകരിച്ച് ആശംസകൾ നേരുകയും ചെയ്തു.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ഉപാധ്യക്ഷൻ ബിജോ പി ബാബു പരിപാടികളുടെ ഏകോപനം നിർവഹിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളുടെ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി.