തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും മരുന്നും വാങ്ങിയതിൽ നടന്ന ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊടുവള്ളി എംഎൽഎ എം കെ മുനീർ. ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചാൽ ക്രമക്കേട് വ്യക്തമാണെന്നും എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസ് ഡയറക്ടർക്കുമെഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

കെഎംഎസ്സിഎൽ മുഖേന പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് കൊടുവള്ളി എംഎൽഎ ആവശ്യപ്പെടുന്നത്. ഒരുദിവസം തന്നെ മൂന്നിരട്ടി വരെ വ്യത്യസ്ത നിരക്കിൽ പിപിഇ കിറ്റുകൾ വാങ്ങിയതായും എൻ 95 മാസ്‌ക് വാങ്ങിയതിലും ക്രമക്കേട് നടന്നെന്നും എംഎൽഎ ആരോപിക്കുന്നു.

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ നിലവിലുള്ള വിതരണക്കാർ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ സാധിക്കില്ലെന്ന് ഒരു അറിയിപ്പും നൽകാത്ത സാഹചര്യത്തിലാണ് തട്ടിക്കൂട്ട് കമ്പനികളിൽ നിന്ന് സാധനങ്ങൾ വാങ്ങിയതെന്നും എംഎൽഎ ആരോപിക്കുന്നു. ഇത് തികച്ചും ദുരൂഹമാണ്. മാത്രമല്ല ചില കമ്പനികളുടെ പേരുകൾ പണം അനുവദിച്ച കമ്പനികളുടെ പട്ടികയിൽ കാണാനില്ലെന്നും എംഎൽഎ ആരോപിക്കുന്നു.

ഫ്രിഡ്ജ്, എസി അടക്കമുള്ള വാങ്ങിയിരിക്കുന്നത് പൊതുവിപണിയേക്കാൾ കൂടുതൽ തുകയ്ക്കാണ്. ഇത് സംബന്ധിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തി രണ്ട് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയതും എംഎൽഎ കത്തിൽ പരാമർശിക്കുന്നു. നികുതിപ്പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ 2020 ജനുവരി മുതൽ നടന്ന കോവിഡ് കാല പർച്ചേസുകളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് എം കെ മുനീർ ആവശ്യപ്പെടുന്നത്.