തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി മഞ്ജു വാര്യരുംരംഗത്ത്. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് നടി ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് ഇന്ന് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ കുറിപ്പ് വൈറൽ ആയിരുന്നു.

ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മലയാള സിനിമയിലെ യുവനിരയിലെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ടൊവീനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ബാബുരാജ്, ആര്യ, സംവിധായകൻ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവരൊക്കെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതേ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പ്
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ഒന്നാം പ്രതിയായ നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഗൂഢാലോചന നടന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.