പത്തനംതിട്ട: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ എസ് എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു.

സംഘർഷം തടയാൻ ശ്രമിച്ച പൊലീസും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതോടെ വിദ്യാർത്ഥികൾ സ്ഥലത്തുനിന്ന് മടങ്ങി. നിലവിൽ പ്രദേശത്ത് സംഘർഷ സാധ്യതയില്ല. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുമുണ്ട്.

പത്തനംതിട്ടയിലെ വിവിധ കോളേജുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളേജുകളിലും എസ്.എഫ്.ഐ. ആണ് വിജയിച്ചത്. മുസലിയാർ കോളേജിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. എന്നാൽ വിജയാഘോഷത്തിനു പകരം എസ്.എഫ്.ഐ. പ്രതിഷേധ പ്രകടനമാണ് നടത്തിയത്.

കെ.എസ്.യുവിനെതിരെ പ്രതിഷേധ പ്രകടനവുമായി കോളേജിനുള്ളിൽനിന്ന് ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകർ പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് പുറത്തെത്തിയ വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്ന കെ.എസ്.യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാൻ ശ്രമിച്ചു. ഇത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പൊലീസുകാർ തടഞ്ഞു. ഇതോടെ പൊലീസും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.