ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാളിനെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരേ ദേശീയ വനിതാ കമ്മീഷൻ. സൈനയ്ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാർഥ് മോശം വാക്ക് ഉപയോഗിച്ചത്. 'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച്ച ചെയ്താൽ, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാൻ ഇക്കാര്യത്തിൽ അപലപിക്കുന്നു. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.' ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

ഇതു സിദ്ധാർഥ് റീട്വീറ്റ് ചെയ്തപ്പോൾ അതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. അതിലെ ഒരു മോശം വാക്കാണ് താരത്തെ കുരുക്കിയത്. ഇതോടെ സിദ്ധാർഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്നും സിദ്ധാർഥ് വിശദീകരിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയെ കൂടാതെ നടിയും ബിജെപി നേതാവുമായ ഖുശ്‌ബു, സൈനയുടെ ഭർത്താവും ബാഡ്മിന്റൺ താരവുമായ പി കശ്യപ് എന്നിവരും താരത്തിനെതിരേ രംഗത്തെത്തി. സിദ്ധാർഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിർത്തുന്നതെന്ന് ട്വിറ്റർ ഇന്ത്യയോട് രേഖ ശർമ ചോദിച്ചു. 'ഇയാൾ ചില പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. ഇയാളുടെ അക്കൗണ്ട് ഇപ്പോഴും വച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്' - ഇതായിരുന്നു രേഖയുടെ ട്വീറ്റ്.

സിദ്ധ്, നിങ്ങൾ എന്റെ സുഹൃത്താണ്. ഒരിക്കലും ഇത്തരം ഒരു പ്രസ്താവന നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല. അങ്കിളും ആന്റിയും നിങ്ങളെക്കുറിച്ച് അഭിമാനിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു വ്യക്തിയോടുള്ള നിങ്ങളുടെ വിദ്വേഷം കൊണ്ടുനടക്കരുത്'- ഖുശ്‌ബു ട്വീറ്റിൽ പറയുന്നു.

'ഈ ട്വീറ്റ് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങൾക്ക് അഭിപ്രായം പറയാം. പക്ഷേ അൽപം കൂടി മാന്യമായ വാക്കുകൾ ഉപയോഗിക്കാം. ഇത് ഈ രീതിയിൽ പറയുന്നത് രസകരമാണെന്നാണ് നിങ്ങൾ കരുതുന്നതെന്ന് ഞാൻ ഊഹിക്കുന്നു.' - കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു.