ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. ദിവസങ്ങൾ പിന്നിടുന്തോറും വൻ വർദ്ധനവാണ് രാജ്യത്തെ കോവിഡ് കണക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനുവരി ഒന്നിന് 27,500 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ പത്ത് ദിവസം പിന്നിടുമ്പോൾ രാജ്യത്തെ കോവിഡ് കണക്കുകൾ പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പോസിറ്റീവ് നിരക്ക് 13.29 ശതമാനമായി ഉയർന്നു. കേസുകൾ കൂടുതലുള്ള ഡൽഹിയും തമിഴ്‌നാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 12.5 ശതമാനം വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. 24 മണിക്കൂറിനിടെ 1,79,723 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്കിൽ കുറവുണ്ടാകുന്നത് നേരിയ ആശ്വാസമാണ്. 24 മണിക്കൂറിനിടെ 146 പേരാണു മരിച്ചത്.കേസുകൾ കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ച നടത്തി.

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 33,470 പേർ കോവിഡ് പോസിറ്റീവായി. ഞായറാഴ്ചത്തേതിലും 10,918 കേസുകൾ കുറവാണ്. എട്ടു മരണം സ്ഥിരീകരിച്ചു. കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായും ജനുവരി അവസാനത്തോടെ മൂർധന്യത്തിൽ എത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞു. ബംഗാളിൽ 19,286 പേർക്കും പഞ്ചാബിൽ 3969 പേർക്കും പുതുതായി രോഗം ബാധിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സ്‌നൂക്കർ ചാംപ്യൻ പങ്കജ് അഡ്വാനി തുടങ്ങിയവർക്കു കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന് ഏഴു ലക്ഷത്തിലേക്കെത്തി. ഇതിന് വെറും ഒരാഴ്ച മാത്രമാണ് വേണ്ടി വന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നത് സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ അഞ്ച് മുതൽ പത്തു ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യം. ഈ സ്ഥിതി വൈകാതെ മാറിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്താകെ ഓമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി.

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തി. ബാറുകളും അടയ്ക്കും. തമിഴ്‌നാട്ടിൽ ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജനുവരി 31വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. ജനുവരി 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. പൊങ്കലിന് പ്രത്യേക അന്തർജില്ലാ ബസുകൾ സർവീസ് നടത്തും.