തൃശൂർ: ഓൺലൈൻ വ്യാപാര വെബ്‌സൈറ്റിലൂടെ സൈക്കിൾ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു ചക്രവും ട്യൂബും പ്ലാസ്റ്റിക് ചാക്കുകളും. 11,500 രൂപയുടെ സൈക്കിൾ ഓർഡർ ചെയ്ത് പണവും നൽകിയ യുവാവാണ് തട്ടിപ്പിനിരയായത്. കോലഴി സ്വദേശി ജയകുമാർ ആണു വഞ്ചിക്കപ്പെട്ടത്.

ഓർഡർ ചെയ്തപ്പോൾ പറഞ്ഞതിന് നാലു ദിവസം മുന്നേ സാധനം വീട്ടിലെത്തി. പണം നൽകുകയും ചെയ്തു. പിന്നീട് തുറന്ന് നോക്കിയപ്പോഴാണ് തുരുമ്പിച്ച ഒരു സൈക്കിൾ ചക്രവും പ്ലാസ്റ്റിക് ചാക്കും കണ്ടത്. വിയ്യൂർ പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ഡിസംബർ 27ന് ആണു ജയകുമാർ പ്രമുഖ കമ്പനിയുടെ ഗീയർ സൈക്കിളിന് ഓർഡർ നൽകിയത്.

15 വയസ്സിനു മുകളിലുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗീയറുകളുള്ള സൈക്കിളിന് 42,000 രൂപയായിരുന്നു യഥാർഥ വില. പ്രത്യേക ഓഫറിന്റെ ഭാഗമായി 11,500 രൂപയ്ക്കാണ് സൈക്കിൾ വാഗ്ദാനം ചെയ്തത്. ജനുവരി 11നു സൈക്കിൾ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 4 ദിവസം മുൻപു തന്നെ വീട്ടിലെത്തിച്ചു.

പണം നൽകിയ ശേഷമാണു തട്ടിപ്പു തിരിച്ചറിയുന്നത്. ഓൺലൈനിലൂടെ ഒട്ടേറെത്തവണ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം അനുഭവമെന്നു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.