തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഇനി കഴുകി വൃത്തിയാക്കും. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ 2 ദിവസത്തിലൊരിക്കലും ഓർഡിനറി, ജന്റം, നോൺ എസി ബസുകൾ 3 ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും.

വൃത്തിഹീനമായി ഏതെങ്കിലും ബസ് സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഡിപ്പോയിലെ മുഴുവൻ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിക്കും. പകരം കുടുംബശ്രീ പോലെ ഏജൻസികൾക്ക് കരാർ നൽകുമെന്നും സിഎംഡിയുടെ ഉത്തരവിൽ പറയുന്നു.

എല്ലാ ബസുകൾക്കും റിവേഴ്‌സ് ലൈറ്റും ഇൻഡിക്കേറ്ററും ഡ്രൈവർമാർക്ക് നീക്കാവുന്ന സീറ്റും, ബോട്ടിൽ ഹോൾഡറും, എയർവെന്റും ഘടിപ്പിക്കാനും നിർദ്ദേശം നൽകി. പരാതിയുണ്ടെങ്കിൽ ബസിന്റെ നമ്പർ സഹിതം ഫോട്ടോയെടുത്ത് 9400058900 എന്ന വാട്‌സാപ് നമ്പരിലേക്ക് അയയ്ക്കാം.