ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിൽ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിലേക്കെത്തിയതോടെ കോവിഡ് ലെവൽ ഓറഞ്ചിൽ നിന്നും റെഡിലേക്കുയർത്തിയതായി ജനുവരി പത്തിന് തിങ്കളാഴ്ച ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ 14 ദിവസത്തെ ഐസിയു കേസുകൾ 18.1 ശതമാനമാണെന്ന് തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ജഡ്ജി അറിയിച്ചു. ഇപ്പോൾ നാം വീണ്ടും മറ്റൊരു കോവിഡ് സുനാമിയെ നേരിടുകയാണ്. ഓമിക്രോൺ വേരിയന്റിന്റെ വ്യാപനം കൗണ്ടിയിൽ അതി ശക്തമായിരിക്കുന്നു. സാധാരണ നിലയിലേക്ക് മടങ്ങി എന്ന ആശ്വാസത്തിനിടയിലാണ് അപ്രതീക്ഷിതമായി കോവിഡ് വീണ്ടും ഉയർന്ന നിലയിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.

ഹാരിസ് കൗണ്ടിയിലെ സ്‌കൂളുകളിൽ 111,000 കോവിഡ് ടെസ്റ്റ് സെറ്റുകൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച പ്ലാനറ്റ് ഫോർഡ് സ്റ്റേഡിയത്തിൽ ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തുമായി സഹകരിച്ച് ടെസ്റ്റിങ് സൈറ്റ് തുറന്നു പ്രവർത്തിക്കും. മുന്നൂറ് പിസിആർ ടെസ്റ്റുകൾ പ്രതിദിനം അടുത്ത രണ്ടാഴ്ച നടത്തുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കുമെന്നും ജഡ്ജി അറിയിച്ചു. വാക്സിനേഷനും, ഫേസ് മാസ്‌കും, സോഷ്യൽ ഡിസ്റ്റൻസും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.