- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി പിടിച്ച് മരിക്കുന്നതിന്റെ പകുതിപ്പേർ പോലും ഇപ്പോൾ കോവിഡ് വന്ന് മരിക്കുന്നില്ല; ഓമിക്രോണിലൂടെ കോവിഡ് തൂത്തെറിയപ്പെടുകയാണ്; ആശങ്കപ്പെടാതെ ഇനി മുൻപോട്ട് പോകാം
ഫ്ളൂ ആഞ്ഞടിച്ച വർഷത്തിൽ സംഭവിച്ചതിന്റെ പകുതി മരണങ്ങൾ പോലും ഇപ്പോൾ കോവിഡ് മൂലം ബ്രിട്ടനിൽ ഉണ്ടാകുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിൽ ബ്രിട്ടൻ വിജയം കൈവരിച്ചതായാണ് വിദഗ്ദർ പറയുന്നത്. രോഗവ്യാപന നിരക്കും മരണനിരക്കും തമ്മിൽ വലിയ അന്തരം ദൃശ്യമായതോടെ വൈറസ് വ്യാപനം തടയാൻ ശ്രമിക്കാതെ അതിനൊപ്പം ജീവിക്കുവാനുള്ള വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
ഇപ്പോൾ, അതായത് ഓമിക്രോൺ ബാധയുടെ മൂർദ്ധന്യഘട്ടം എന്ന് വിശ്വസിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ശരാശരി 130 പേരാണ് ഇംഗ്ലണ്ടിൽ മരണമടയുന്നത്. വാക്സിനുകൾ വ്യാപകമായി ലഭ്യമല്ലാതിരുന്ന കഴിഞ്ഞ ജനുവരിയിലെ തരംഗകാലത്ത് ഇത് 1300 ആയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ ശരത്ക്കാലത്തിനു ശേഷം രോഗവ്യാപന നിരക്ക് നാലിരട്ടിയായി വർദ്ധിച്ചുവെങ്കിലും മരണനിരക്ക് കാര്യമായി കൂടിയില്ല എന്നതും ഇത്തരുണത്തിൽ പ്രസ്താവ്യാർഹമായ കാര്യമാണ്.
കൂടുതൽ താരതമ്യത്തിനായി വിദഗ്ദർ നിരത്തുന്നത് ഇൻഫ്ളുവൻസ മരണങ്ങളുടെ കണക്കുകളാണ്. ഏറ്റവും കഠിനമായ രീതിയിൽ ഫ്ളൂ പടർന്ന 2017/18 കാലഘട്ടത്തിൽ പ്രതിദിനം 400 മരണങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. തൊട്ടു മുൻപത്തെ വർഷമാണെങ്കിൽ പ്രതിദിനം ശരാശരി 300 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈ രണ്ടു വർഷവും മറ്റു പല ചികിത്സകളും നീട്ടിവയ്ക്കേണ്ടതായും വന്നിരുന്നു. നിലവിൽ കോവിഡിന്റെ അപകട സാധ്യത ഫ്ളൂവിനോട് താരതമ്യം ചെയ്യാവുന്നതാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ആംഗ്ലിയയിലെ പകർച്ചവ്യാധി വിദഗ്ദൻ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്.
നിലവിലുള്ള ഓമിക്രോൺ തരംഗത്തിന്റെ മൂർദ്ധന്യഘട്ടം കഴിയുന്നതോടെ കോവിഡ് മാഹാമരി എന്നതിൽ നിന്നും മറ്റൊരു പകർച്ചവ്യാധി എന്നതിലേക്ക് മാറുമെന്നും അദ്ദേഹം പറയുന്നു. അപ്പോഴും, ഇനിയും തീരെ പ്രതീക്ഷിക്കാതെ മറ്റൊരു വകഭേദം ആവിർഭവിക്കില്ല എന്ന പ്രതീക്ഷയോടെയാണിത് പറയുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മരണനിരക്കുകൾ സമാനമായതിനാൽ കോവിഡിനെയും ഇനിമുതൽ ഫ്ളൂവിന് സമാനമായി കണക്കാക്കി ഒരു പുതിയ തുടക്കത്തിന് ആരംഭം കുറിക്കണമെന്ന മുൻ വാക്സിൻ ടാസ്‌ക്ഫോഴ്സ് മേധാവി ഡോ. ക്ലൈവ് ഡിക്സിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപുറകെയാണ് ഹണ്ടറിന്റെ വാക്കുകളും എത്തിയത്.
മെയിൽ ഓൺലൈൻ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത്, കോവിഡ് ബാധിതരുടെ എണ്ണവും കോവിഡ് മരണങ്ങളുടെ എണ്ണവും തമ്മിലുള്ള് അനുപാതം കഴിഞ്ഞ ശൈത്യകാലത്തേക്കാൾ 21 മടങ്ങ് കുറഞ്ഞു എന്നാണ്. കഴിഞ്ഞ ശൈത്യകാലത്ത് ഇത് 3 ശതമാനമായിരുന്നെങ്കിൽ ഇന്നത് 0.15 ശതമാനം മാത്രമാണ്. ഡിസംബർ അവസാനം വരെയുള്ള കണക്കുകളാണ് വിശകലനത്തിന് ഉപയോഗിച്ചത്. അതേസമയം, ശൈത്യകാലത്തെത്തുന്ന ഇൻഫ്ളുവൻസ അഥവാ ഫ്ളൂവിന്റെ മരണനിരക്ക് 0.1 ആണ്.
വ്യാപകമായ വാക്സിൻ പദ്ധതി ഇനി അവസാനിപ്പിക്കാമെന്നാണ് ഡോ. ഡിക്സ് പറയുന്നത്. പകരം അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽ പെട്ടവരിൽ കേന്ദ്രീകരിച്ച് വാക്സിൻ പദ്ധതി മുൻപോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം വ്യാപകമായ കോവിഡ് പരിശോധന അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുപോലെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയ സെൽഫ് ഐസൊലേഷൻ നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന ആവശ്യവും ശക്തിപ്രാപിക്കുന്നുണ്ട്.
അതേസമയം ഫ്ളൂവിന്റെ മരണനിരക്കുമായി കോവിഡ് മരണനിരക്കിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന വാദം ചിലർ ഉയർത്തുന്നുണ്ട്.ഇൻഫ്ളുവൻസ കണ്ടെത്താൻ കോവിഡ് പരിശോധനപോലെ വ്യാപകമായ പരിശോധന നടത്തില്ലെന്നതിനാൽ, രോഗബാധിതരുടെ കൃത്യം എണ്ണം ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്. നേരത്തേ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നറിയപ്പെട്ടിരുന്ന യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി ഇക്കാര്യത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ മാതൃക ഉപയോഗിച്ചാണ് കണക്കുകൾ തയ്യാറാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ