- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണോ ? വ്യായാമം ചെയ്യാൻ സമയമില്ലാത്തയാളാണോ ? മെയ്യനങ്ങാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസവാർത്ത; വ്യായാമത്തിന്റെ രസതന്ത്രം ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു; മാത്രമല്ല, മറവിരോഗം, കാഴ്ചശക്തി കുറയൽ തുടങ്ങിയവയും തടയാൻ കഴിയും; വ്യായാമത്തിന്റെ ഗുണങ്ങൾ ഗുളികരൂപത്തിൽ നിങ്ങളിലേക്കെത്തുമ്പോൾ
''പൊണ്ണത്തടിയനെ എന്തിനുകൊള്ളാം.. വലിയപുരയ്ക്കൊരു തൂണിനുകൊള്ളാം...'' മനുഷ്യകുലത്തിലെ ഒരു വ്യക്തിയേപ്പോലും സ്പർശിക്കാതെ പോയിട്ടില്ല കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപശരങ്ങൾ. അമിതവണ്ണത്താൽ ദൈനംദിന ജീവിതത്തിൽ ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ ദുഃഖം ഒരുതരി ഹാസ്യത്തിൽ പൊതിഞ്ഞിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ വണ്ണമുള്ളവരെ പോലെ ഇരിക്കാനോ, നടക്കാനോ, ഓടാനോ ഒന്നും കഴിയാതെ, മറ്റു പല രോഗങ്ങൾക്കും കാരണമായേക്കാവുന്ന അമിതവണ്ണവും പേറി നടക്കുന്നവർക്ക് അത് കുറയ്ക്കുവാൻ ഏറ്റവും അധികം ആവശ്യമായത് ദിവസേന വ്യായാമം ചെയ്യുക എന്നത് മാത്രമാണ്.
വ്യായാമം നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ഏറെ സഹായിക്കുന്നു എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതലൊന്നും നമുക്ക് അറിയില്ല. സർക്കാരിന്റെ കണക്കുകൾ അനുസരിച്ച്, ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ രണ്ട് പേർക്ക് മാത്രമാണ് ശാസ്ത്രം നിഷ്‌കർഷിക്കുന്ന ആഴ്‌ച്ചയിൽ 150 മിനിറ്റ് വ്യായാമം എന്നത് എചെയ്യുവാൻ കഴിയുന്നത്. ഏറെ കഷ്ടപ്പാടുകളില്ലാത്ത നടത്തം പോലുള്ള വ്യായാമങ്ങളുടെ കണക്കാണിത്. ഇതിന് ഒരു പരിഹാരമാവുകയാണ്.
വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഊറുന്ന ഒരു പ്രത്യേക ഹോർമോൺ തൂങ്ങിക്കിടക്കുന്ന മാംസപേശികളിലെ അമിത കൊഴുപ്പിനെ എരിച്ചു കളയുകയാണ്. അതുപോലെ ശാരീരികമായി അദ്ധ്വാനിക്കുമ്പോൾ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഒരു പ്രോട്ടീനും ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ രാസ രഹസ്യം ഇപ്പോൾ ലബോറട്ടറിയിൽ വെളിപ്പെട്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
കായിക വ്യായാമത്തിലൂടെ ലഭിക്കുന്ന ഈ പ്രയോജനങ്ങളെ അല്ലെങ്കിൽ, അവയുടെ രാസരഹസ്യത്തെ മരുന്നുകളാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഇത് യാഥാർത്ഥ്യമായാൽ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, കാഴ്‌ച്ച്ചശക്തി നഴ്ടപ്പെടൽ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ആകുമെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ വ്യായാമ ഗുളികകൊണ്ട് മറവിരോഗം വരെ ചികിത്സയ്ക്കാമത്രെ.
കായികമായി വളരെ സജീവമായ എലികളിൽ നിന്നെടുത്ത രക്തം കാര്യമായി ശരീരം അനങ്ങാതെ അമിതവണ്ണം വന്ന എലികളിൽ കുത്തിവച്ചായിരുന്നു അമേരിക്കയിൽ ഈ പഠനം നടന്നത്. രക്തം സ്വേീകരിച്ച പൊണ്ണത്തടിയൻ എലികൾ അതിനുശേഷം വളരെ സമർത്ഥരായി മാറി എന്ന് നേച്ചർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. കൂട്ടിൽ നിന്നും പുറത്തേക്കുള്ള വഴികണ്ടെത്തുന്നത് അടക്കമുള്ള ഓർമ്മശക്തി പരീക്ഷണങ്ങളിലും ഒരുകാലത്ത് മണ്ടന്മാരായിരുന്ന ഈ എലികൾ വിജയിച്ചു എന്നും ജേർണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
നമ്മൾ അതികഠിനമായി ശാരീരിക അദ്ധ്വാനമോ വ്യായാമമോ ചെയ്യുമ്പോൾ വലിയ അളവിൽ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ക്ലസ്റ്ററിൻ എന്ന പ്രോട്ടീനാണ് നമുക്ക് വ്യായാമം മൂലം ലഭിക്കുന്ന മിക്ക പ്രയോജനങ്ങൾക്കും കാരണമെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ കണ്ടെത്തിയത്. വ്യായാമം നടത്തുന്ന മൃഗങ്ങളുടെ രക്തത്തിൽ അല്ലാത്തവയേക്കാൾ 20 ശതമാനം ക്ലസ്റ്ററിനാണ് കൂടുതലായി കണ്ടെത്തിയത്.
മറ്റൊരു പഠനത്തിൽ ക്ലസ്റ്ററിൻ മസ്തിഷ്‌ക്ക വീക്കത്തെ ചെറുക്കുന്നതായി കണ്ടെത്തി. ഇത് വളരെയേറെ പ്രാധാന്യമുള്ള ഒരു കണ്ടുപിടുത്തം തന്നെയാണ്. കാരണം ഗുരുതരമായ മസിതിഷ്‌ക്ക വീക്കം കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും പല അവയവങ്ങളേയും പ്രവർത്തനരഹിതമാക്കുകയും ചെയ്യും. ഇത് അല്ഷമേഴ്സ് രോഗത്തിന് കാരണമാകുന്ന ഒരു പ്രധാന കാരണം കൂടിയാണ്. ക്ലസ്റ്ററിന് മനുഷ്യരുടെ മസ്തിഷ്‌കത്തേയും ഉത്തേജിപ്പിക്കാൻ കഴിയും എന്നകാര്യത്തിൽ ഉറപ്പൊന്നുമില്ല. പക്ഷെ ആളുകൾ വ്യായാമം ചെയ്യുമ്പോൾ ക്ലസ്റ്ററിന്റെ അളവ് വർദ്ധിക്കുന്നു എന്ന് ശാസ്ത്രജ്ഞർക്ക് തെളിയിക്കാൻ ആയിട്ടുണ്ട്.
അതുപോലെതന്നെ, എലികൾക്ക് നൽകിയ രീതിയിൽ മനുഷ്യർക്ക് രക്തം കുത്തിവയ്ക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ, ക്ലറ്ററിന്റെ പ്രഭാവത്തെ അനുകരിക്കുന്ന ചികിത്സകൾ കണ്ടെത്താനുള്ള വഴിയൊരുങ്ങിയിട്ടുണ്ട്. ക്ലറ്ററിന്റെ പ്രഭവം പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഒരു കൃത്രിമ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്റ്റാൻഫോർഡിലെ ഗവേഷകർ. എന്നാൽ ഇത് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുന്നതിന് കുറഞ്ഞത് ഏഴു വർഷമെങ്കിലും കഴിയണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
അതിനിടയിൽ ബോസ്റ്റണിലെ ഡാനാ-ഫാർബർ കാൻസർ ഇൻസ്റ്റിറ്റിയുട്ടിലെ ശാസ്ത്രജ്ഞർ വ്യായാമ സമയത്ത് മാംസപേശികൾ പുറത്തുവിടുന്ന ഐറിസിൻ എന്നൊരു ഹോർമോൺ കണ്ടെത്തി. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. എലികളിൽ ഈ ഹോർമോൺ കുത്തിവെച്ചപ്പോൾ, ശരീരത്തിന് വണ്ണം വയ്ക്കുന്നതിന് കാരണമായ വെളുത്ത കൊഴുപ്പ്, ശരീരത്തിൻ! ഊർജ്ജം നൽകാനായി കത്തിയെരിയുന്ന തവിട്ടുനിറമുള്ള കൊഴുപ്പായി മാറി എന്ന് അവർ പറയുന്നു.
ശരീരത്തിൽ ഊർജ്ജം സംരക്ഷിച്ചു വയ്ക്കാനാണ് വെളുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത്. അത് തവിട്ടുനിറമുള്ള കൊഴുപായി മാറി എരിഞ്ഞടങ്ങി ഊർജ്ജം ശരീരത്തിന് നൽകും. എന്നാൽ, ഇവ മാറ്റം സംഭവിക്കാതെ വെളുത്ത കൊഴുപ്പായി തുടരുമ്പോഴാണ് ശരീരത്തിന് അമിതമായ തോതിൽ വണ്ണം വയ്ക്കുക. മറ്റൊരു ഗവേഷണത്തിൽ ഐറിസിൻഅസ്ഥികൾക്ക് ബലം ഏകുമെന്ന് ഇവർ 2018-ൽ കണ്ടെത്തിയിരുന്നു. ഇതും വ്യായാമത്തിൽ നിന്നും ലഭിക്കുന്ന മറ്റൊരു പ്രയോജനമാണ്.
ക്ലിനിക്കൽ ആൻഡ് എക്സ്പെരിമെന്റൽ ഒഫ്താൽമോളജി എന്ന ജേർണലിൽ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യായാമം ചെയ്ത് കഴിഞ്ഞ ഉടനെ റെറ്റിനയിലേക്ക് പോകുന്ന രാസ സന്ദേശങ്ങൾ തിരിച്ചറിഞ്ഞതായി ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. ഐ എൽ -6, ബി ഡി എൻ എഫ് തുടങ്ങിയ പ്രോട്ടീനുകളാണ് ഈ രാസ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നത്. ഇത് പ്രായാധിക്യത്തിൽ കാഴ്‌ച്ചശക്തികുറയുന്ന എ എം ഡി എന്ന രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗയോഗ്യമാണെന്ന് ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
വ്യായാമത്തിന്റെ മറ്റൊരു പ്രയോജനമാണ് കാഴ്‌ച്ച ശക്തി കുറയുന്നത് തടയാൻ കഴിയുമെന്നത്. വ്യായാമം ചെയ്യാൻ തീര വയ്യാത്ത പ്രായമേറിയവർക്കുള്ള ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണ് ആസ്ട്രേലിയൻ ഗവേഷകർ പറയുന്നത്. മറ്റു പലയിടങ്ങളിലും ഇപ്പോൾ വ്യായാമത്തിന്റെ രാസ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതെല്ലാം ഫലം കണ്ടാൽ അധികം വൈകാതെ നമുക്ക് വ്യായാമം ചെയ്യാതെ തന്നെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
മറുനാടന് മലയാളി ബ്യൂറോ