കൊച്ചി: കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. എതിർവാദങ്ങളുമായി സംസ്ഥാന സർക്കാരിന് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

വെള്ളത്തിനു വിലയിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിംഗിൾ ബെഞ്ച് വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയത്. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയിൽ ഉൾപ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാൽ അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം. കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ഇതോടെ സർക്കാർ ഉത്തരവു സ്റ്റേ ചെയ്തതിനു പിന്നാലെ വെള്ളക്കമ്പനികൾ വർധിപ്പിച്ച വില തുടരും. ലീറ്ററിന് 13 രൂപ എന്നത് സ്റ്റേ ഉത്തരവിനു പിന്നാലെ മിക്ക വെള്ളക്കമ്പനികളും 20 രൂപയാക്കി ഉയർത്തിയിരുന്നു.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിർണയം നടത്തേണ്ടത് കേന്ദ്ര സർക്കാരെന്നായിരുന്നു നേരത്തെ ഹർജിക്കാർ വാദിച്ചത്. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടു തേടിയിരുന്നു. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നത്.

തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.