ജിദ്ദ: രാജ്യത്തെ റസ്റ്റാറന്റുകളിലും കഫേകളിലും ടേബിളുകൾക്കിടയിലെ അകലം മൂന്നു മീറ്ററാക്കി. ആരോഗ്യ മുൻകരുതലായി പൊതുജനാരോഗ്യ അഥോറിറ്റി (വിഖായ) നേരത്തേ നിശ്ചയിച്ച ഒരു ടേബിളിനു ചുറ്റും 10 ആളുകളിൽ കൂടരുതെന്ന നിബന്ധന ഒഴിവാക്കിയതായും മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. അതിനു പകരമായാണ് ടേബിളുകൾക്കിടയിലെ അകലം മൂന്നു മീറ്റർ വീതമാക്കി നിബന്ധന പരിഷ്‌കരിച്ചത്.

മാത്രമല്ല കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാത്ത റസ്റ്റോറന്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുനിസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിബന്ധന കർശനമാക്കിയത്.

റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ ടേബിളുകൾ തമ്മിലുണ്ടായിരിക്കേണ്ട അകലം കൃത്യമായി പാലിച്ചിരിക്കണം. ഒരു ടേബിളിൽ കഴിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. അതേ സമയം രണ്ട് ടേബിളുകൾക്കിടയിൽ മൂന്ന് മീറ്ററിൽ കുറയാത്ത അകലം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

ഇതിനു പുറമേ തവക്കൽനയിലെ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സ്റ്റാറ്റസ് കൃത്യമായി പരിശോധിച്ച് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ആളുകളുടെ എണ്ണം പരിമതിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ ക്യൂ ആർ കോഡ് സ്‌കാനിംഗും പൂർത്തിയാക്കണം. കാത്തിരിപ്പ് ഇടങ്ങളിൽ ഉപഭോക്താക്കൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിനും സംവിധാനമേർപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കവാടങ്ങളിൽ പരിശോധന ഉദ്യോഗസ്ഥരുണ്ടായിരിക്കണം. ഓട്ടോമാറ്റഡ് ആരോഗ്യ പരിശോധന സംവിധാനമില്ലെങ്കിൽ തവക്കൽനാ ആപ്പിലെ ആരോഗ്യനില കാണിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടണം.റസ്റ്റാറന്റുകളിലെ എല്ലാ ജീവനക്കാരും എല്ലായ്‌പ്പോഴും മൂക്കും വായും മാസ്‌ക് ഉപയോഗിച്ചു മൂടിയിരിക്കണം. ഭക്ഷണം വിളമ്പുന്നതിനായി നിശ്ചയിച്ച എല്ലാ സ്ഥലങ്ങളിലും ആളുകൾക്ക് കാണത്തക്കവിധം ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കിയിരിക്കണം.

ഓർഡറുകൾ സ്വീകരിക്കുന്നിടത്തും കാത്തിരിപ്പ് സ്ഥലങ്ങളിലും വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളിലോ പ്രവേശനകവാടത്തിലോ തിരക്ക് ഒഴിവാക്കാൻ ഇലക്‌ട്രോണിക് ആപ്ലിക്കേഷൻ വഴിയോ ഫോൺ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതടക്കമുള്ള സംവിധാനമൊരുക്കണമെന്നും മുനിസിപ്പിൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം ആവശ്യപ്പെട്ടു.',