രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിശക്തമായ പ്രതിരോധനടപടിയിലേക് കടക്കുകയാണ് കുവൈത്ത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ രാജ്യത്തു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു.

സർക്കാർ ഓഫീസുകളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനമാക്കി കുറക്കുന്നതാണ് പ്രധാന തീരുമാനം. പകുതി ജീവനക്കാർ മാത്രം ഒരേ സമയം ഓഫിസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. യോഗങ്ങളും കോൺഫറൻസുകളും വെർച്ച്വൽ രുപത്തിലേക് മാറ്റാനുമാണ് തീരുമാനം. ഹാജർ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർനിർദേശിച്ചു

ജോലി നടക്കാൻ ആവശ്യമായ മിനിമം ആളുകളെ വെച്ച് പ്രവർത്തിക്കാനാണ് നിർദ്ദേശം. പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത് ക്ലബുകൾ, എന്നിവിടങ്ങളിൽ ജീവനക്കാരും സന്ദർശകരും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാകണം. നഴ്‌സറികളിൽ ജീവനക്കാർ വാക്‌സിൻ എടുത്തിരിക്കണമെന്ന് നിബന്ധനക്കൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നു പ്രത്യേക നിർദേശവും മന്ത്രിസഭ നൽകിയിട്ടുണ്ട്.

കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈൻ വഴി ലഭ്യമാക്കണമെന്നും നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ അപ്പോയിന്മെന്റ് സംവിധാനം നടപ്പാക്കണമെന്നും കാബിനറ്റ് യോഗം നിർദേശിച്ചു.