പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ പൂർത്തിയായി. ആചാരപെരുമയിൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ച യാത്ര ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെയാണ് പേട്ടതുള്ളൽ പൂർത്തിയായത്. വൈകുന്നേരം ആലങ്ങാട് സംഘവും പേട്ടതുള്ളും. വെള്ളിയാഴ്‌ച്ചയാണ് മകരവിളക്ക് മഹോൽസവം.

എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നു പന്ത്രണ്ടുമണിയോടെയാണ് അമ്പലപ്പുഴ സംഘം പുറപ്പെട്ടത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നു പൂജിച്ചു കൊണ്ടുവന്ന തിടമ്പിന് ഗജവീരനും വാദ്യമേളങ്ങളും അകമ്പടിയായി. പേട്ടതുള്ളി, നേരെ വാവര് പള്ളിയിലേക്ക്. ജമാഅത്ത് കമ്മിറ്റി ആചാരപൂർവം അമ്പലപ്പുഴ സംഘത്തെ എതിരേറ്റു.

വാവര് പള്ളിയിൽ പ്രദക്ഷിണം നടത്തി. ഇവിടെ നിന്നും വാവര് സ്വാമിയുടെ പ്രതിനിധി ടിഎച്ച് ആസാദിനെയും കൂടെ കൂട്ടിയാണ് അമ്പലപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങിയത്. അവിടെ നിന്ന് കരിമലവഴിയുള്ള പരമ്പരാഗത കാനനപാതവഴി പമ്പയിലേക്ക് പുറപ്പെട്ടു. സംഘം മകരവിളക്ക് ദിവസം സന്നിധാനത്തെത്തും.

ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് പേട്ട ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയത്. സമൂഹ പെരിയോൻ എൻ . ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ളതാണ് അമ്പലപ്പുഴ സംഘം.

കാൽനടയായി ആലങ്ങാട് സംഘം എത്തും. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാകും ഇരു സംഘങ്ങളും ചേർന്ന് സന്നിധാനത്തേക്ക് തിരിക്കുക. പരമ്പരാഗത കാനനപാത വഴിയാണ് ഇവരുടെ സന്നിധാനത്തേക്കുള്ള യാത്ര. തുടർന്ന് മകരവിളക്ക് ദിനമായ ജനുവരി 14 ന് സംഘങ്ങൾ സന്നിധാനത്ത് എത്തും. അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്റെ ഓർമപുതുക്കലാണ് പേട്ടതുള്ളലെന്നാണ് ഐതീഹ്യം.