തിരുവനന്തപുരം : ഇടുക്കി ഗവ: എഞ്ചിനീയറിങ് കോളേജിലെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്റഫ്. ധീരജിന്റെ കൊലപാതകത്തിലെ മുഴുവൻ കുറ്റക്കാരേയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാമ്പസുകളെ അക്രമ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളിൽ നിന്ന് കെ.എസ്.യു പിന്മാറണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന കൊലപാതകത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ഇടുക്കി ഗവ. എൻജി. കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥി കാമ്പസ് രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിച്ചതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ്. ആശയങ്ങൾക്ക് നേരെ ആയുധമെടുക്കുന്ന എല്ലാവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഈ വർഷത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകരെ നോമിനേഷൻ നൽകാൻ പോലും എസ്.എഫ്.ഐ അനുവദിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാണ്. കാമ്പസുകളുടെ ജനാധിപത്യവൽക്കരണത്തെ അക്രമ രാഷ്ട്രീയം കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.