പനജി: ഗോവയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം. സഖ്യം സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യത തള്ളി ആംആദ്മി പാർട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഗോവയിൽ പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന തൃണമൂൽ കോൺഗ്രസ്, കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ ആഗ്രഹിക്കുന്നതായി വാർത്തകൾ കുറേ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

വിദേശ സന്ദർശനത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഗോവയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരവും തിങ്കളാഴ്ച വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു.

ഇതിൽ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യത ചർച്ചയായെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് തെറ്റാണെന്നും ഗോവയിൽ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നതിൽ പാർട്ടിക്ക് പൂർണ ആത്മവിശ്വസമുണ്ടെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടെങ്കിലും സഖ്യത്തിന് കോൺഗ്രസിന് താൽപര്യമില്ലെന്ന് ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ട്‌റാവുവും വ്യക്തമാക്കി.

ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസിന് സഖ്യമുണ്ട്. ഇതിന് പുറമെ മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ എൻസിപി, ശിവസേന എന്നീ പാർട്ടികളുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.