ബംഗളൂരു: കർണാടക കോൺഗ്രസ് പ്രസിഡന്റ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന രണ്ട് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻ മന്ത്രി എച്ച് എം രവണ്ണയ്ക്കും സിഎം ഇബ്രാഹിമിനുമാണ് കോവിഡ് സ്ഥീരികരിച്ചത്. ശിവകുമാറിന്റെ പത്ത് ദിവസം നീണ്ട പദയാത്രയിൽ ആദ്യദിവസം ഇരുവരും പങ്കെടുത്തിരുന്നു.

ജനുവരി എട്ടിന് ഡികെ ശിവകുമാറിന്റെ വീട്ടിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സിഎം ഇബ്രാഹിമും പങ്കെടുത്തിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട് ശിവകുമാർ പലതവണ ഇരുവരുമായി ബന്ധപ്പെട്ടിരുന്നു.

കോൺഗ്രസിന്റെ പദയാത്രയിൽ പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധിക്കാൻ കർണാടക സർക്കാർ ആരോഗ്യപ്രവർത്തകരെ അയച്ചിരുന്നു. എന്നാൽ തനിക്ക് ഒരുവിധ ആരോഗ്യപ്രശ്നങ്ങളില്ലന്ന് പറഞ്ഞാൻ പരിശോധനയ്ക്ക് ആദ്ദേഹം തയ്യാറായില്ല.

ബംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളമെത്തിക്കുന്ന മേക്കേദാട്ട് അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ 10 ദിവസം നീണ്ട പദയാത്ര ഞായറാഴ്ചയാണ് ആരംഭിച്ചത്. പദയാത്ര ആരംഭിച്ചതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡികെ ശിവകുമാർ, സിദ്ധരാമയ്യ ഉൾപ്പെടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്