ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി പ്രത്യക്ഷ നികുതി വകുപ്പ്. 2021-22 വർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് മൂലം റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടർന്നാണ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ആദായ നികുതിയിൽ കേന്ദ്രസർക്കാർ മാറ്റത്തിനൊരുങ്ങുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഈ വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്താനാണ് തീരുമാനം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 30ൽ നിന്നും 35 ശതമാനമാക്കി ഉയർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകില്ല.

നിലവിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. കോവിഡ് മൂലം മെഡിക്കൽ ചെലവുകൾ ഉൾപ്പടെ ഉയർന്നതിനാൽ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് കേന്ദ്രസർക്കാറിന് ഉള്ളതെന്ന് ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു