തിരുവനന്തപുരം: ഡേറ്റാ സെന്ററിലെ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ ഏറക്കുറെ പൂർണമായി സ്തംഭിച്ചു. നാലു ദിവസമായി റേഷൻ വിതരണം മുടങ്ങി കിടക്കുക ആയിരുന്നു. തകരാർ ആരംഭിച്ച വെള്ളിയാഴ്ച മുതൽ റേഷൻ കടകളിലെ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) സംവിധാനം മെല്ലെപ്പോക്കിലായിരുന്നു.

ഇന്നലെ ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി ഉച്ചയ്ക്കുശേഷം കടകൾ അടച്ചിട്ടു. സംസ്ഥാനത്തെ പതിനാലായിരത്തിലേറെ കടകളിൽ നാലായിരത്തോളം മാത്രമാണു പ്രവർത്തിച്ചത്. രാവിലെ മുതൽ റേഷൻ വാങ്ങാൻ എത്തിയവർ ബഹളം വയ്ക്കുകയും പലയിടത്തും സംഘർഷാവസ്ഥയാകുകയും ചെയ്തതോടെയാണ് കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചത്.

കടകൾ അടച്ചിട്ട വ്യാപാരികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാനാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ തീരുമാനം. മുൻഗണനേതര കാർഡ് ഉടമകൾക്കു കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും അധികമായി മണ്ണെണ്ണയും നൽകുന്നതിനാൽ ഈ മാസം കടകളിൽ തിരക്കു കൂടുതലാണ്.

91.81 ലക്ഷം കാർഡ് ഉടമകളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്‌നോപാർക്കിലെ ഡേറ്റ സെന്ററിലാണു തകരാർ. ഇതു പരിഹരിക്കാൻ ഐടി മിഷന്റെ സഹായത്തോടെ ശ്രമിച്ചതായും ഇന്നു പ്രവർത്തനം പൂർണ തോതിലാകുമെന്നാണു പ്രതീക്ഷയെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഐടി മിഷൻ സെക്രട്ടറി യോട് അഭ്യർത്ഥിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.