ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ഇനി മുതൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരത്വം ഇല്ലാത്തവർക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശം ജനുവരി 10 ഞായർ മുതൽ നിലവിൽ വന്നു.

ഒരു മാസം മുമ്പ് ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച നിയമം പുതുതായി ചുമതലയേറ്റെടുത്ത മേയർ എറിക് ആഡംസ് നടപ്പാക്കുന്നതിന് അനുമതി നൽകി.

ന്യൂയോർക്കിൽ 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവർക്ക് ന്യൂയോർക്ക് സിറ്റി, ലോക്കൽ ബോർഡുകൾ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ഇനി തടസ്സമില്ല. 8,00,000 അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് ഇതിന്റെ ഗുണം ലഭിക്കും.

ഔവർ സിറ്റി, ഔവർ വോട്ട് (Our City, Our Vote) എന്ന് നാമകരണം ചെയ്യപ്പെട്ട പുതിയ നിമയത്തിനെതിരേ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.

ഈ ബില്ല് നിയമമാകുന്നതുകൊണ്ട് ആർക്ക്, എന്ത് പ്രയോജനമാണ് ഉണ്ടാവുകയെന്ന് യുഎസ് പ്രതിനിധി നിക്കോൾ ചോദിക്കുന്നു. അമേരിക്കൻ പൗരന്മാർക്ക് മാത്രം അവകാശപ്പെട്ട വോട്ടവകാശം, ന്യൂയോർക്ക് സംസ്ഥാന നിയമം നിഷ്‌കർഷിക്കുന്ന വോട്ടവകാശം മുപ്പത് ദിവസം ന്യൂയോർക്കിൽ താമസിക്കുന്നവർക്ക് അനുവദിക്കുന്നതിന് മേയർക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നു സംസ്ഥാന റിപ്പബ്ലിക്കൻ നേതാക്കൾ അറിയിച്ചു. എന്നാൽ ഈ നിയമം ന്യൂയോർക്കിൽ മാത്രമല്ല മേരിലാൻഡ്, വെർമോണ്ട്, സാൻഫ്രാൻസിസ്‌കോ തുടങ്ങിയ പന്ത്രണ്ട് കമ്യൂണിറ്റികളിൽ നിലവിലുണ്ടെന്ന് ഡമോക്രാറ്റുകൾ വാദിക്കുന്നു. പൗരത്വമില്ലാത്തവർക്ക് വോട്ട് ചെയ്യുന്നതിന് ആദ്യമായി അവസരം ലഭിക്കുക അടുത്തവർഷം നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലാണ്.