മസ്‌കത്ത്: ഒമാനിൽ സമ്പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിരോധനം നടപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചുവരുന്നത്. ഒമാൻ പരിസ്ഥിതി അഥോറിറ്റിയും വാണിജ്യ -വ്യവസായ മന്ത്രാലയവും ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ സമിതിയും ഇത് സംബന്ധമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും പരിസ്ഥിതി അഥോറിറ്റി ചെയർമാൻ അബ്ദുല്ല അൽ അംറി പറഞ്ഞു.

അടുത്ത ഏതാനും വർഷത്തിനുള്ളിൽ പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുന്ന രീതിയിലുള്ള കർമ പദ്ധതികളാണ് ഒരുക്കുക. ഒമാനിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞ വർഷം വിജയകരമായി നടപ്പാക്കിയിരുന്നു. ഒറ്റ ഉപയോഗ ബാഗുകൾക്കാണ് കഴിഞ്ഞ വർഷം നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ രണ്ട് പ്രാവശ്യവും മൂന്ന് പ്രാവശ്യവും ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളാണ് മാർക്കറ്റിലുള്ളത്. ഇത് കാരണം നശിപ്പിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 10 വർഷത്തിനുള്ളിൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് ഒമ്പത് മുതലാണ് ഒമാനിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നീണ്ട സമയപരിധി നൽകിയ ശേഷമായിരുന്നു സർക്കാറിന്റെ നീക്കം. ഇതിന്റ ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും കട്ടി കുറഞ്ഞ സഞ്ചികൾക്കാണ് നിരോധനം നിലവിൽ വന്നത്. 50 മൈക്രോണിന് താഴെ വരുന്ന സഞ്ചികൾക്ക് നിരോധനം നിലവിൽ വന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് നിലവിലെ സഞ്ചികൾ പൂർണമായി മാറ്റേണ്ടിവന്നിരുന്നു.